ഫോക്കസ് ഏരിയയെ വിമർശിച്ച അധ്യാപകന് ശിക്ഷണ നടപടി; സർക്കാർ നടപടിക്കെതിരെ എഴുത്തുകാരൻ വി എസ് അനിൽകുമാർ

പത്താം ക്ലാസ് പരീക്ഷയിലെ ഫോക്കസ് ഏരിയയ്ക്ക് എതിരെ ക്രിയാത്മകമായ വിമർശനങ്ങൾ ഉന്നയിച്ച അധ്യാപകനെതിരെ സർക്കാർ ശിക്ഷണ നടപടി സ്വീകരിക്കുന്നതിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരൻ വി എസ് അനിൽകുമാർ. നാവടക്കില്ല, പണിയെടുക്കുകയും ചെയ്യും എന്ന തലക്കെട്ടോടെയുള്ള കുറിപ്പിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിക്കുന്നു. പി പ്രേമചന്ദ്രൻ എന്ന അധ്യാപകന് കിട്ടിയ വാറോല ജനാധിപത്യ വിരുദ്ധതയുടെ ഉത്തരേന്ത്യൻ സന്ദേശങ്ങൾ കൈമാറുന്നതാണെന്നും കുറ്റപ്പെടുത്തുന്നു.

പരീക്ഷ നടത്തിപ്പിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിനാണ് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടങ്ങൾ എതിർപ്പുള്ളവർക്കെല്ലാം ദേശദ്രോഹി പട്ടം ചാർത്തിക്കൊടുക്കാറുണ്ട്. അമ്പതു രൂപക്ക് സ്പീഡ് പോസ്റ്റിൽ അയയ്ക്കാമെന്നിരിക്കെ രണ്ടായിരം രൂപയെങ്കിലും ചെലവാക്കി പ്രത്യേക ദൂതൻ വഴി കൊടുത്തുവിട്ട കുറ്റപത്രം സർക്കാർ ദ്രോഹി പട്ടമാണ് അധ്യാപകന് ചാർത്തിക്കൊടുക്കുന്നത്.

മികച്ച അധ്യാപകൻ, കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്ര പ്രചാരകരിൽ ഒരാൾ, മലയാള ഭാഷയെ സംരക്ഷിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന മലയാളം ഐക്യവേദിയുടെ പോരാളി, മികച്ച അധ്യാപക പരിശീലകൻ, കെ എസ് ടി എ എന്ന ഇടതുപക്ഷ അധ്യാപക സംഘടനയിലെ സജീവാംഗം, പാഠ പുസ്തക സമിതി അംഗം, വിദ്യാഭ്യാസ സംബന്ധിയായ അമ്പതോളം മികച്ച ലേഖനങ്ങളെഴുതിയ എഴുത്തുകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ആഴത്തിൽ അറിവുകളുള്ള പ്രഗത്ഭനായ അധ്യാപകനെതിരെയാണ് സർക്കാർ അച്ചടക്കത്തിൻ്റെ വാൾ ഓങ്ങുന്നതെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ചവിട്ടിക്കൂട്ടാൻ വേണ്ടി ചില ഏമാന്മാർ നടത്തുന്ന അങ്കമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന വാക്കുകളോടെയാണ് എം എൻ വിജയൻ മാഷിൻ്റെ മകൻ കൂടിയായ വി എസ് അനിൽകുമാറിൻ്റെ കുറിപ്പ് അവസാനിക്കുന്നത്.

Related Posts