കരാത്തെയിൽ ബ്ലാക്ക് ബെൽറ്റ് നേടി അദ്ധ്യാപക കുടുംബം

തൃപ്രയാർ: നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂൾ അദ്ധ്യാപകൻ എലുവത്തിങ്കൽ ബിജുവും, കുരിയച്ചിറ പോപ്പ് ജോൺ എൽ പി സ്കൂൾ അദ്ധ്യാപിക ക്ലെൻസി ബിജുവും അദ്ധ്യാപന വൃത്തിയിൽ മാത്രമല്ല, കായിക രംഗത്തും മികവ് തെളിയിച്ചിരിക്കുകയാണ്‌. ഗോജുകാൻ കരാത്തെ ചീഫ് ഇൻസ്ട്രക്റ്ററും അന്തർദേശീയ റഫറിയുമായ സെൻസായ് മധു വിശ്വനാഥിന്റെ കീഴിൽ പരിശീലനം നടത്തി ബ്ലാക്ക് ബെൽറ്റ് നേടിയാണ് ഈ അദ്ധ്യാപകദമ്പതികൾ മികവ് തെളിയിച്ചത്. ആര് വർഷത്തെ കഠിന പ്രയത്നത്തിലൂടെയാണ് ഈ ദമ്പതികൾ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയത്. മൂത്തമകൻ ഇരിങ്ങാലക്കുട ഡോൺ ബോസ്ക്കോ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി ക്രിസ്റ്റോ ബിജു ബ്രൗൺ ബെൽറ്റ് മൂന്നാം ക്യു ആണ് ഇപ്പോൾ. രണ്ടാമത്തെ മകൻ നാട്ടിക വെസ്റ്റ് കെ എം യു പി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ക്രിസ്റ്റിൽ ബിജു വൈറ്റ് ബെൽറ്റ് വിദ്യാർത്ഥിയാണ്.

ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വെറ്ററൻസ് വിഭാഗത്തിൽ ക്ലെൻസി ഒന്നാം സ്ഥാനവും, ബിജു മൂന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ ക്രിസ്റ്റോ ബിജു രണ്ടാംസ്ഥാനവും ഈ വർഷം കരസ്ഥമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് അക്ഷര വിദ്യാഭ്യാസം മാത്രമല്ല, മറിച്ച് കായിമായ അറിവും നൽകണമെന്ന ചിന്തയും, സെൽഫ് ഡിഫെൻസിനും ഈ തിരക്കുപിടിച്ച ജീവിത സാഹചര്യത്തിൽ വ്യായാമം ഒഴിച്ചുകൂടാനാവാത്ത കാര്യമാണെന്ന ചിന്തയിലാണ് ഈ കുടുംബം കരാത്തെ പരിശീലനത്തിനായി മുന്നിട്ടിറങ്ങിയത്. തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ക്യാമ്പിൽ വെച്ച് ഇവർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. എല്ലാ ദിവസവും ഒന്നര മണിക്കൂർ കരാത്തെ കേന്ദ്രത്തിലും വീട്ടിലുമായി പരിശീലനം നടത്തിയിരുന്നു. എല്ലാ വിഭാഗം ജനങ്ങൾക്കും വളരെ നല്ല രീതിയിൽ കരാത്തെ സ്വായത്തമാക്കാൻ കഴിയും എന്ന സന്ദേശം കൂടിയാണ് ഇവർ സമൂഹത്തിനു നൽകുന്നത്.

Related Posts