കർണാടകയിൽ എൻജിനീയറിങ് വിദ്യാർഥിയെ തീവ്രവാദിയെന്നു വിളിച്ച അധ്യാപകന് സസ്‌പെൻഷൻ
മംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച കോളേജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്‍റ് പ്രൊഫസർ രവീന്ദ്രനാഥ് റാവുവിനെയാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ് ഡിപ്പാർട്ട്മെന്‍റിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ഹംസയെ കസബ് എന്ന് വിളിച്ച് രവീന്ദ്രനാഥ് റാവു അധിക്ഷേപിച്ചിരുന്നു. ഇക്കാര്യം ചോദ്യം ചെയ്യുന്ന വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി. ഹംസയോട് പേരു ചോദിക്കുകയും, പേരുകേട്ടപ്പോൾ നീ കസബിനെ പോലെയാണ് എന്നുപറയുകയും ചെയ്തതോടെയാണ് വിദ്യാർത്ഥി പ്രതികരിച്ചത്. "ഒരു മുസ്ലിമായതിനാൽ, ഈ രാജ്യത്ത് എല്ലാ ദിവസവും ഇത്തരം കാര്യങ്ങൾ കേൾക്കുന്നത് തമാശയല്ല സാർ" എന്ന് വിദ്യാർത്ഥി പറഞ്ഞു. 'നീ എന്‍റെ മകനെപ്പോലെയാണ്' എന്ന് പറഞ്ഞ് ടീച്ചർ ക്ഷമാപണം നടത്തുന്നത് വീഡിയോയിൽ കാണാം. എന്നാൽ നിങ്ങളുടെ മകനോട് ഇങ്ങനെ സംസാരിക്കുമോ, മകനെ കസബിന്റെ പേര് വിളിക്കുമോ എന്നും നിങ്ങളൊരു പ്രൊഫഷണലാണ്, അധ്യാപകനാണ്, നിങ്ങൾ ഇത് ചെയ്യരുത്, ക്ഷമ ചോദിക്കുന്നത് നിങ്ങളുടെ ചിന്താഗതിയെ മാറ്റില്ല" എന്നും ഹംസ റാവുവിനോട് പറഞ്ഞു. നിരവധി പ്രമുഖരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.