അപകട സാധ്യത ഒളിഞ്ഞിരിക്കുന്ന ജലാശയങ്ങൾ: രക്ഷാപ്രവർത്തനം പഠിപ്പിച്ച് പരിശീലനം

ജലാശയത്തില്‍ വീണുള്ള മുങ്ങിമരണങ്ങളിൽ എപ്രകാരമായിരിക്കണം രക്ഷാപ്രവർത്തനം? എന്തായിരിക്കണം പ്രഥമ ശുശ്രൂഷ, കുളങ്ങളിലും മറ്റും ഇറങ്ങുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ തുടങ്ങി അപകട സാധ്യത മറഞ്ഞിരിക്കുന്ന ജലാശയങ്ങളിലെ രക്ഷാപ്രവർത്തനം സംബന്ധിച്ച് വിദ്യാർത്ഥികളെ പഠിപ്പിച്ച് പരിശീലനം. മുങ്ങിമരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി തുടക്കം കുറിക്കുന്ന മുങ്ങിമരണ ദുരന്ത ലഘൂകരണ സാക്ഷരത യജ്ഞം പ്രോജക്ട് ഫ്ളോട്ടിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

ഫയർ ആന്റ് സേഫ്റ്റി, സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവ സംയുക്തമായാണ് വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തിയത്. മുങ്ങിമരണം തടയാനുള്ള ജീവന്‍രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തൽ, മുങ്ങിമരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിശീലനം കൊണ്ട് ലക്ഷ്യമിട്ടത്. നീന്തല്‍ പരിശീലനം, ജലസുരക്ഷ അവബോധം സൃഷ്ടിക്കല്‍, ജീവന്‍രക്ഷാ നൈപുണ്യങ്ങളുടെ പരിശീലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട തുടര്‍ പരിശീലനങ്ങൾ പദ്ധതിയുടെ ഭാഗമായി നടക്കും. അശ്രദ്ധയും അറിവില്ലായ്മയും ഇത്തരം അപകടങ്ങള്‍ക്ക് കാരണമാവുന്നു എന്നതിനാലാണ് പ്രോജക്ട് ഫ്ളോട്ട് എന്ന പേരില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നത്.

സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ.അനിൽ ജോർജ് അധ്യക്ഷത വഹിച്ചു. ഹസാർഡ് അനലിസ്റ്റ് സുസ്മി, സെന്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഡോ.കെ എ മാർട്ടിൻ, സെന്റ് തോമസ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.ജോബി പോൾ, വിമല ജോൺ, എൻ സി സി ഓഫീസർ സാബു എ എസ്, ജൂനിയർ സൂപ്രണ്ട് രമാദേവി എന്നിവർ പങ്കെടുത്തു.

Related Posts