അഴീക്കോട് മുനമ്പം പാലത്തിന് സാങ്കേതിക അനുമതിയായി
തൃശൂർ: തീരദേശത്തിന്റെ ചിരകാലഭിലാഷമായ അഴീക്കോട് മുനമ്പം പാലത്തിന് സാങ്കേതിക അനുമതിയായി. സർക്കാരിന്റെ ഭരണാനുമതിക്ക് ശേഷം പാലത്തിന്റെ പ്ലാനും എസ്റ്റിമേറ്റും അംഗീകരിച്ചുള്ള സാങ്കേതിക അനുമതിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ചുള്ള തുടർ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ചേംബറിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ പി ഡബ്ല്യു ഡി പ്രിൻസിപ്പിൾ സെക്രട്ടറി ആനന്ദ് സിങ്ങ്, കെ ആർ എഫ് ബി ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ ഡിങ്കി, എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്ത് മെമ്പർ സുഗത ശശിധരൻ, ബ്ലോക്ക് മെമ്പർ നൗഷാദ് കറുകപ്പാടത്ത് തുടങ്ങിയവർ പങ്കെടുത്തു. കയ്പമംഗലം മണ്ഡലത്തിന്റെ പൊതുവികാരം എന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്ന് എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ പറഞ്ഞു.