ഐഎന്‍എസ് വിക്രാന്തില്‍ ആദ്യമായി പറന്നിറങ്ങി തേജസും മിഗ് 29കെയും; ചരിത്ര നേട്ടത്തിൽ നേവി

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി തേജസും, മിഗ് -29 കെയും ചരിത്രം സൃഷ്ടിച്ചു. ഇന്ത്യൻ നിർമിത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റാണ് തേജസ്. മിഗ്-29കെ റഷ്യൻ നിർമിത യുദ്ധവിമാനമാണ്. കപ്പലിൽ യുദ്ധവിമാനങ്ങൾ ഇറക്കാനുള്ള പരീക്ഷണത്തിന്‍റെ ഭാഗമായാണ് രണ്ട് വിമാനങ്ങളും ലാൻഡ് ചെയ്തത്. ഐഎൻഎസ് വിക്രാന്തിൽ ഇന്ത്യൻ പൈലറ്റുമാർ ആദ്യമായി യുദ്ധവിമാനങ്ങൾ ഇറക്കുമ്പോൾ, ഇന്ത്യൻ നാവികസേന ആത്മനിർഭർ ഭാരതിന്‍റെ പുതിയ നാഴികക്കല്ല് പിന്നിടുകയാണെന്ന് നാവികസേന പ്രസ്താവനയിൽ അറിയിച്ചു. വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും തദ്ദേശീയമായി രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള ഇന്ത്യയുടെ കഴിവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നാവികസേന പറഞ്ഞു. തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വലിയ കപ്പലായ ഐഎൻഎസ് വിക്രാന്ത് 2022 സെപ്റ്റംബറിലാണ് കമ്മീഷൻ ചെയ്തത്. നാവികസേനയുടെ ആഭ്യന്തര വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡിഎൻഡി) ആണ് കപ്പൽ രൂപകൽപ്പന ചെയ്തത്. 2,300 ലധികം കംപാര്‍ട്മെന്റുകള്‍ ഉള്ള വിക്രാന്തിന് 1,700 പേരെ വഹിക്കാൻ കഴിയും.

Related Posts