"ഈ സീനൊക്കെ ഞങ്ങൾ പണ്ടേ വിട്ടതാ", വാട്സാപ്പിനെ കളിയാക്കി ടെലിഗ്രാം
വാട്സാപ്പ് അവതരിപ്പിച്ച പുതിയ ചാറ്റ് ട്രാൻസ്ഫർ ഫീച്ചറിനെ പരിഹസിച്ച് ടെലിഗ്രാം. ഫോൺ മാറിയാലും ചാറ്റ് ഹിസ്റ്ററി പുന:സ്ഥാപിക്കാൻ അവതരിപ്പിച്ച പുതിയ ചാറ്റ് ട്രാൻസ്ഫർ ഫീച്ചറിനെപ്പറ്റിയുള്ള വാട്സാപ്പിൻ്റെ ട്വീറ്റിലാണ് ടെലഗ്രാമിൻ്റെ രസികൻ പ്രതികരണം വന്നിട്ടുള്ളത്.
ഐ ഒ എസിൽ നിന്ന് സാംസങ്ങിലേക്ക് ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യുന്നതാണ് വാട്സാപ്പിൻ്റെ പുതിയ ഫീച്ചർ. ഇപ്പോൾ സാംസങ്ങ് ഫോണുകളിൽ മാത്രം ലഭ്യമായ ഈ സേവനം താമസിയാതെ മറ്റു ഡിവൈസുകളിലും ലഭ്യമാക്കുമെന്നും വാട്സാപ്പ് പറഞ്ഞിട്ടുണ്ട്. ഇതിനാണ് "ഈ സീനൊക്കെ ഞങ്ങൾ പണ്ടേ വിട്ടതാ" എന്ന മട്ടിൽ പരിഹസിച്ചു കൊണ്ടുള്ള "ജൂമാൻഞ്ചി" ജിഫ് കമൻ്റായി ഇട്ടത്. "ഏത് വർഷമാണിത്?" എന്ന ടെലിഗ്രാമിൻ്റെ പരിഹാസത്തിൽ എല്ലാം ഉണ്ട്.
2013 മുതൽ ടെലിഗ്രാമിൽ ലഭ്യമായ ഫീച്ചറാണ് ചാറ്റ് ട്രാൻസ്ഫർ. സൈൻ ഇൻ ചെയ്യുന്ന ഏത് ഡിവൈസിലും ചാറ്റ് ഹിസ്റ്ററി കിട്ടാൻ ഈ ഫീച്ചർ ഉപകരിക്കും.
എന്നാൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം ഇതിനു പിന്നിലുണ്ട്. ക്ലൗഡ് ബേസ്ഡ് മെസേജിങ്ങ് സേവനമാണ് ടെലിഗ്രാം നൽകുന്നത്. അതേസമയം, വാട്സാപ്പിൽ സന്ദേശങ്ങൾ മുഴുവൻ നിങ്ങളുടെ മൊബൈലിൽ തന്നെയാണ് സ്റ്റോർ ചെയ്യുന്നത്. ഉപയോക്താവ് 'സൈൻ ഇൻ' ചെയ്യുന്ന ഏത് ഡിവൈസിലും ടെലിഗ്രാം സന്ദേശങ്ങൾ വീണ്ടെടുക്കാനാവും. വാട്സാപ്പിൽ അങ്ങിനെയല്ല.
എന്തായാലും ഇതാദ്യമായല്ല, വാട്സാപ്പും ടെലിഗ്രാമും ട്വിറ്ററിൽ കൊമ്പുകോർക്കുന്നത്. വാട്സാപ്പിനെ പരിഹസിച്ച് ടെലിഗ്രാം നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്.