ടെലിവിഷൻ വിപണി ലക്ഷ്യമിട്ട് ആമസോണും; അലക്സയിൽ പ്രവർത്തിക്കുന്ന ആമസോൺ ടി വി ഒക്ടോബറിൽ

അമേരിക്കൻ ടെക്നോളജി ഭീമനായ ആമസോണിൻ്റെ ബ്രാൻഡഡ് ടി വി ഒക്ടോബറിൽ പുറത്തിറങ്ങും. ആമസോണിൻ്റെ വെർച്വൽ അസിസ്റ്റൻ്റ് സാങ്കേതിക വിദ്യയായ അലക്സയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ടെലിവിഷൻ സെറ്റുകൾ അവതരിപ്പിച്ചു കൊണ്ടാണ് ആമസോൺ ഈ രംഗത്ത് പുതിയ ചുവടുവെപ്പിന് ഒരുങ്ങുന്നത്.

സംസാരത്തിലൂടെ ടി വി യുടെ പ്രവർത്തനം പരമാവധി നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിലാണ് 'അലക്സ പവേഡ് ആമസോൺ ടി വി' പ്രവർത്തിക്കുക.

അലക്സ മോഡൽ സാങ്കേതിക വിദ്യയ്ക്ക് വിപണിയിൽ വലിയ പ്രചാരമാണ് ഇന്നുള്ളത്. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും സിനിമ കാണാനും മ്യൂസിക് കേൾക്കാനും പോഡ് കാസ്റ്റുകൾ, ഓഡിയോ ബുക്കുകൾ എന്നിവയുടെ പ്രവർത്തനത്തിലും വോയ്സ് ഇൻ്ററാക്ഷൻ ഉപയോഗപ്പെടുത്താം. വീട്ടിലുള്ള മുഴുവൻ സ്മാർട്ട് ഉപകരണങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാനും കഴിയും. ആമസോൺ ഇക്കോ സ്മാർട്ട് സ്പീക്കറിലാണ് ആദ്യമായി അലക്സ ഉൾപ്പെടുത്തുന്നത്.

55 ഇഞ്ച് മുതൽ 75 ഇഞ്ച് വരെ വലിപ്പത്തിലുള്ള ടി വി യാണ് ആമസോൺ പുറത്തിറക്കുക. ടെലിവിഷനുകളുടെ നിർമാണം ടി സി എൽ പോലുള്ള തേർഡ് പാർട്ടി കമ്പനികൾക്കാവും. ഇൻ- ഹൗസായി ടെലിവിഷൻ നിർമിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.

Related Posts