തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടർന്ന് 23 ദിവസമായി ബംഗളൂരുവിൽ ചികിത്സയിലായിരുന്ന തെലുങ്ക് നടൻ നന്ദമുരി താരകരത്ന അന്തരിച്ചു. എൻടിആറിന്‍റെ ചെറുമകനാണ് ഇദ്ദേഹം. തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണയുടെ അനന്തരവൻ കൂടിയാണ് താരകരത്ന. ടിഡിപി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 40 കാരനായ നന്ദമുരി താരകരത്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്ത് വച് നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെയാണ് സംഭവം. യാത്ര ആരംഭിച്ച ശേഷം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയിലും നടന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. പള്ളിയിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. 2002-ൽ ഒകടോ നമ്പര്‍ കുര്‍റാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. താരക്, ഭദ്രി രാമുഡു, മനമന്ത, രാജാ ചെയ്യി വെസ്തേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇതിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് 'മനമന്ത'. ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത 9 അവേഴ്സ് എന്ന വെബ് സീരീസിലും ഇദ്ദേഹം മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.