പതിനായിരക്കണക്കിന് കൊക്കകോള കാനുകൾ; ഗിന്നസ് ബുക്കിൽ ഇടം പിടിച്ച് ഗാരി ഫെങ്ങ്
സോഫ്റ്റ് ഡ്രിങ്ക് നിർമാതാക്കളായ കൊക്കോകോള കമ്പനിയുടെ ചരിത്രം മുഴുവൻ എഴുതാൻ ആരെങ്കിലും ആവശ്യപ്പെട്ടെന്നിരിക്കട്ടെ. അതിനുള്ള മെറ്റീരിയൽ മുഴുവൻ കൈയിലുള്ള ലോകത്തിലെ അപൂർവം മനുഷ്യരിൽ ഒരാളാണ് ഗാരി ഫെങ്ങ് എന്ന കാനഡക്കാരൻ. കാലങ്ങളായി കൊക്കോകോള കാനുകൾ ശേഖരിക്കുകയാണ് ഇദ്ദേഹം. വിവിധ രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലേറെ, കൃത്യമായി പറഞ്ഞാൽ 11308 കാനുകളാണ് ഗാരി ഫെങ്ങ് ഇതുവരെ ശേഖരിച്ചത്. അതോടെ റെക്കോഡുകളുടെ ഗിന്നസ് ബുക്കിലും ഇയാൾ ഇടം പിടിച്ചു.
ലാർജസ്റ്റ് കളക്ഷൻ ഓഫ് സോഫ്റ്റ് ഡ്രിങ്ക് കാൻസ് (സെയിം ബ്രാൻഡ് ) വിഭാഗത്തിലാണ് റെക്കോഡ്. ലിമിറ്റഡ് എഡിഷൻ കാനുകളും വ്യക്തികളുടെയും സംഭവങ്ങളുടെയും സ്മരണാർഥം പുറത്തിറക്കിയവയും ഉൾപ്പെടെ എല്ലാത്തരം കളക്ഷനുകളും ഫെങ്ങിൻ്റെ പക്കലുണ്ട്. 1928 മുതലുള്ള ഒളിമ്പിക്സ് കളക്ഷൻ അവയിൽ ശ്രദ്ധേയമാണ്. ചൈനീസ് പുതുവർഷം, ആഫ്രിക്കൻ ഇൻഡിപെൻഡൻസ് എഡിഷനുകളും കാണാം. പ്ലാസ്റ്റിക് ബോട്ടിലുകളുടെ പ്രത്യേക ശേഖരമുണ്ട്. 1985-ൽ സ്പേസിൽ വെച്ച് ആദ്യമായി രുചിച്ച ഷട്ടിൽ ചലഞ്ചർ, ഗോസ്റ്റ്, ലൈംഗിക വൈജാത്യങ്ങളെ അംഗീകരിച്ചുകൊണ്ട് പുറത്തിറക്കിയ സെക്ഷ്വൽ ഡൈവേഴ്സിറ്റി എഡിഷൻ, വ്യക്തികളെ ആദരിച്ചുകൊണ്ട് പുറത്തിറക്കിയ പ്രത്യേക കാനുകൾ തുടങ്ങി അപൂർവമായ ഒരു സ്മാരകം തന്നെയായി ഗാരി ഫെങ്ങിൻ്റെ കൊക്കോ കോള കാൻ ശേഖരം മാറുന്നുണ്ട്.
തൻ്റെ ചിത്രം വെച്ച് ഡിസൈൻ ചെയ്ത ഒരു കാൻ കൊക്കോകോള കമ്പനി പുറത്തിറക്കുന്നത് സ്വപ്നം കണ്ടാണ് ഇദ്ദേഹം ജീവിക്കുന്നത്. ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ചതോടെ അധികം താമസിയാതെ ഫെങ്ങിൻ്റെ സ്വപ്നം പൂവണിയും എന്നുതന്നെ കരുതാം.