ജർമനിയിൽ പ്രവർത്തനം തുടങ്ങി ടെസ്‌ല; ഉദ്ഘാടന ചടങ്ങിൽ നൃത്തം ചെയ്ത് എലോൺ മസ്ക്
വർഷങ്ങൾ നീണ്ടുപോയ നിയമ പ്രശ്നങ്ങൾക്കും പ്രാദേശികമായ എതിർപ്പുകൾക്കും പിന്നാലെ ജർമനിയിൽ പ്രവർത്തനം ആരംഭിച്ച് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല. 'മെയ്‌ഡ് ഇൻ ജർമനി' ടെസ്‌ല കൈമാറുന്ന ചടങ്ങിൽ ആഹ്ലാദ നൃത്തം ചവിട്ടുന്ന മസ്കിൻ്റെ ദൃശ്യങ്ങൾ ഇൻ്റർനെറ്റിൽ വൈറലായി. നേരത്തേ ചൈനയിലെ ടെസ്‌ലയുടെ ഗിഗാ ഫാക്ടറി ഉദ്ഘാടന വേളയിലും മസ്ക് ആനന്ദനൃത്തം ആടിയത് വലിയ വാർത്തയായിരുന്നു.
ഉദ്ഘാടന ചടങ്ങിന് ശേഷം നന്ദി, ജർമനി എന്ന അർത്ഥം വരുന്ന "ഡാങ്കെ ഡ്യൂഷ്ലാൻ്റ് " എന്ന് ജർമൻ ഭാഷയിൽ മസ്‌ക് ട്വീറ്റ് ചെയ്തു. മെയ്ഡ് ഇൻ ജർമനി ടെസ്‌ലയുടെ ആദ്യത്തെ 30 ഡ്രൈവർമാരെ അഭിനന്ദിച്ചുകൊണ്ടുള്ള വാക്കുകളും ട്വീറ്റിലുണ്ട്.
ടെസ്‌ലയുടെ കാർ നിർമാണ ഫാക്ടറിക്കെതിരെ കനത്ത എതിർപ്പാണ് ജർമനിയിൽ ഉയർന്നു വന്നിരുന്നത്. ഫാക്ടറി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചുള്ള തദ്ദേശവാസികളുടെ പരാതികൾ ഉൾപ്പെടെ ഭരണപരവും നിയമപരവുമായ തടസ്സങ്ങളുടെ ഒരു പരമ്പര തന്നെയാണ് ജർമനിയിൽ കമ്പനി നേരിട്ടത്. എന്തായാലും എല്ലാ എതിർപ്പുകളും മറികടന്ന് യൂറോപ്പിലെ ആദ്യ ഫാക്ടറി പ്രവർത്തനം തുടങ്ങുമ്പോൾ ആഹ്ലാദ നൃത്തം ചവിട്ടുകയാണ് കമ്പനിയുടെ അമരക്കാരനായ എലോൺ മസ്ക്.