ജില്ലയിൽ വിതരണം ചെയ്തത് 31,47,644 പുസ്തകങ്ങൾ
തുറക്കും മുമ്പേ പാഠപുസ്തകം റെഡി
നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കും മുമ്പേ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിലെത്തി. 12 ഉപവിദ്യാഭ്യാസ ജില്ലകളിലുമായി 31,47,644 പുസ്തകങ്ങളാണ് ഈ അധ്യയന വർഷം പൊതു വിദ്യാലയങ്ങളിലെത്തിയത്. ഒന്നാം വോള്യം 16,84,447 പുസ്തകങ്ങളും, രണ്ടാം വാള്യം 13,11,864 പുസ്തകങ്ങളും, മൂന്നാം വോള്യം 1,51,333 പുസ്തകങ്ങളുമടക്കമാണിത്.
ഇരിങ്ങാലക്കുട ഉപജില്ല- 240640, ചാലക്കുടി-256238, തൃശൂർ ഈസ്റ്റ്- 311826, തൃശൂർ വെസ്റ്റ്-271025, മുല്ലശ്ശേരി-104929, മാള-177364, കൊടുങ്ങല്ലൂർ-280039, വടക്കാഞ്ചേരി-398471, ചാവക്കാട്-308134, കുന്നംകുളം-272675, വലപ്പാട്-253267, ചേർപ്പ്-261110 എന്നിങ്ങനെയാണ് വിതരണം ചെയ്ത പുസ്‌തകങ്ങളുടെ ഉപജില്ല തിരിച്ചുള്ള കണക്ക്.
12 ഉപജില്ലകളിലായി 222 സ്കൂൾ സൊസൈറ്റികളാണ് ജില്ലയിലുള്ളത്. കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്കൂളാണ് പാഠപുസ്തക ഹബ്ബായി പ്രവർത്തിക്കുന്നത്. പടിഞ്ഞാറെ കോട്ടയിലെ സെയിൻ്റ് ആൻസ് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ, അയ്യന്തോൾ നിർമ്മല കോൺവെൻ്റ് യു.പി സ്കൂൾ എന്നിവ ഉപഹബ്ബുകളായും പ്രവർത്തിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് എം ബി പ്രശാന്ത് ലാൽ, സൂപ്രണ്ട് സി ആർ ഗംഗാദത്ത്, സെക്ഷൻ ക്ലർക്ക് അശ്വിൻ കെ മേനോൻ എന്നിവർക്കാണ് പാഠപുസ്തക വിതരണച്ചുമതല.
കോവിഡ് വ്യാപനം പാഠപുസ്തക അച്ചടിയേയും വിതരണത്തെയും സാരമായി ബാധിച്ചിരുന്നു. കെ ബി പി എസിൻ്റെയും വിതരണക്കാരായ കുടുംബശ്രീയുടെയും ജില്ലയിലെ ചുമതലക്കാർ, പ്രധാനദ്ധ്യാപകർ, സൊസൈറ്റി, സെക്രട്ടറിമാർ എന്നിവരുടെയെല്ലാം അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായാണ് സ്കൂൾ തുറക്കുന്നതിന് മുൻപായി ഈ വർഷത്തേക്കാവശ്യമായ എല്ലാ പാഠപുസ്തകങ്ങളും വിദ്യാലയങ്ങളിലെത്തിക്കാൻ കഴിഞ്ഞതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പറഞ്ഞു.