ഇന്ത്യയുമായുള്ള ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് താലിബാൻ.
കാബൂൾ: അഫ്ഗാനിസ്താന് ഇന്ത്യയുമായി ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് താലിബാൻ. അഫ്ഗാൻ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ താലിബാൻ നിർത്തലാക്കിയിരുന്നു.
ഒരു സുപ്രധാന രാജ്യമെന്ന നിലയിൽ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നാണ് താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായി വ്യക്തമാക്കിയത്. 'ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്കാരിക ബന്ധങ്ങൾക്ക് ഞങ്ങൾ വലിയ പ്രാധാന്യം നൽകുന്നു, ആ ബന്ധം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വ്യോമപാത വഴിയുള്ള വ്യാപാരവും തുറന്നിടേണ്ടതുണ്ട്' എന്ന് പറഞ്ഞുകൊണ്ട് പഷ്തു ഭാഷയിൽ പുറത്തു വിട്ട 46 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് സ്താനിസ്കായി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പരാമർശിച്ചത്. പാകിസ്താൻ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.
അഫ്ഗാനിസ്താനിൽ ശരീഅത് അടിസ്ഥാനമാക്കിയുള്ള ഭരണം സ്ഥാപിക്കും. സർക്കാർ രൂപീകരണത്തിന് വേണ്ടി കാബൂളിൽ വിവിധ ഗ്രൂപ്പുകളുമായി കൂടിയാലോചനകൾ നടക്കുകയാണ്. എല്ലാ തലത്തിലുമുള്ള ആളുകൾ സർക്കാരിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.