താലിബാൻ നേതാവ് മുല്ല അബ്ദുൾ ഗനി ബരാദാർ കൊല്ലപ്പെട്ടിട്ടില്ല, ജീവനോടെയുണ്ടെന്ന ശബ്ദസന്ദേശം പുറത്ത്

താലിബാൻ സഹസ്ഥാപകനും അഫ്ഗാനിസ്താനിലെ ഇടക്കാല സർക്കാരിൽ ഉപപ്രധാനമന്ത്രിയുമായ മുല്ല അബ്ദുൾ ഗനി ബരാദാർ ജീവനോടെയുണ്ടെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി മുല്ല മുഹമ്മദ് അഖുന്ദിൻ്റെ ഡെപ്യൂട്ടിയായ ബരാദാർ പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിനുളളിൽ എതിർ ഗ്രൂപ്പുകൾക്കിടയിൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടതായി കഴിഞ്ഞ രണ്ടു ദിവസമായി വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു.

ഹഖാനി ശൃംഖലയുടെ തലവനായ അനസ് ഹഖാനിയുമായുള്ള അധികാര തർക്കത്തിനിടെ എതിർ ഗ്രൂപ്പുകൾ ഏറ്റുമുട്ടിയെന്നും വെടിവെപ്പിനിടെ ബരാദാർ കൊല്ലപ്പെട്ടെന്നുമായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്നാൽ താൻ ജീവനോടെയുണ്ടെന്നും സുഖമായിരിക്കുന്നു എന്നും ബരാദാർ തന്നെ വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.

മുറിവേറ്റതായും മരണപ്പെട്ടതായും പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്നാണ് ശബ്ദ സന്ദേശത്തിൽ ബരാദാർ പറയുന്നത്. മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. അധികാര തർക്കത്തെ കുറിച്ചുള്ള പ്രചാരണങ്ങൾ എല്ലാം കള്ളമാണ്. അത്തരം പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.

വെള്ളിയാഴ്ച രാത്രിയാണ് പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിൽ നിന്നും വെടിയൊച്ചകൾ ഉയർന്നത്. തുടർന്നാണ് താലിബാൻ ഗ്രൂപ്പുകളാണ് ഏറ്റുമുട്ടിയതെന്നും വെടിവെപ്പിൽ ബരാദാറിന് ഗുരുതരമായ പരിക്കു പറ്റിയെന്നും കൊല്ലപ്പെട്ടെന്നുമുള്ള വാർത്തകൾ പരന്നത്.

Related Posts