ജനപ്രതിനിധിയായതിന്റെ ഒന്നാം വാർഷികം; ജീവകാരുണ്യപ്രവർത്തനങ്ങൾക്കുവേണ്ടി ഓണറേറിയം നൽകി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

തൃശൂർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭഗീഷ് പൂരാടൻ ജനപ്രതിനിധിയായതിന്റെ ഒന്നാം വാർഷികം പൂർത്തിയാകുന്ന വേളയിൽ ഈ മാസത്തെ ഓണറേറിയം ആക്ട്സ് തൃപ്രയാറിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നൽകി.

പഴയ പത്രങ്ങൾ ശേഖരിച്ചും ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് പൊതുജനങ്ങൾക്കു വേണ്ടി അത്യാഹിതഘട്ടങ്ങളിൽ വേണ്ട സൗജന്യ സേവനങ്ങൾ ആക്ട്സ് നൽകുന്നതെന്ന് പത്രവാർത്തകളിലൂടെയറിഞ്ഞതിനെ തുടർന്നാണ് ഓണറേറിയത്തിലൂടെ ലഭിച്ച സംഖ്യ ആക്ട്സിന് നൽകാൻ തീരുമാനിച്ചത്.

കഴിഞ്ഞ 11 മാസത്തെ ഓണറേറിയവും സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമാണ് നൽകിയിട്ടുള്ളത്. 12-ാമത്തെ ഓണറേറിയം വാഹനാപകടത്തിൽ പെട്ടവർക്കും നിരാലംഭരായവർക്കും നിസ്വാർത്ഥ സേവനം ചെയ്യുന്ന തൃപ്രയാർ ആക്ട്സിനു വേണ്ടി തന്റെ ജീവിതം കൊണ്ടു തന്നെ ലോകത്തിന്റെ മാനവരാശിക്കു മാതൃകയായ ആക്ട്സ് ജനറൽ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മലിന്റെ കൈകളിലൂടെ തന്നെ കൊടുക്കാൻ സാധിച്ചു എന്നതിൽ കൃതജ്ഞതയുണ്ടെന്ന് ഭഗീഷ് പൂരാടൻ പറഞ്ഞു.

ജനത്തിന്റെ സ്നേഹമാണ് ഒരാളെ ജനപ്രതിനിധിയാക്കുന്നത്. ആ സ്നേഹം തിരിച്ചു കൊടുക്കുമ്പോഴാണ് യഥാർത്ഥത്തിൽ ജനത്തിന്റെ പ്രതിനിധിയാകുന്നതും. ഇതുവരെ ഇതിലൂടെ ലഭിച്ച മുഴുവൻ ഓണറേറിയവും പാവപ്പെട്ടവർക്കു വേണ്ടി തിരികെ ചെലവഴിച്ചു എന്നത് ജനപ്രതിനിധി എന്ന നിലയിൽ ഭഗീഷ് പൂരാടൻ ഉത്തമമായ മാതൃകയാണ് കാഴ്ചവെച്ചതെന്നും ഫാദർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ചടങ്ങിൽ ഫാ.ഡേവിസ് ചിറമ്മൽ, ഭഗീഷ് പൂരാടൻ,ബിജോയ് പുളിയംപറ, ജയൻ ബോസ്, ആക്ട്സിനെ പ്രതിനിധീകരിച്ച് ബ്രാഞ്ച് സെക്രട്ടറി സുനിൽ പാറമ്പിൽ, കൺവീനർ പ്രേംലാൽ വലപ്പാട്, ജോ: കൺവീനർ വാസൻ ആന്തുപറമ്പിൽ, ജോ : സെക്രട്ടറി അഭയ് തൃപ്രയാർ എന്നിവരും പങ്കെടുത്തു.

Related Posts