കൊവിഡ് പ്രതിരോധം - പഞ്ചായത്തുകൾക്ക് സഹായവുമായി തളിക്കുളം ബ്ലോക്ക്പഞ്ചായത്ത്.

പത്ത് ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ ഉപകരണമടക്കമുള്ള മെഡിക്കൽ ഉപകരണങ്ങളാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയത്.

കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ മരുന്നും അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകൾക്കും നൽകിയത്. പത്ത് ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ ഉപകരണമടക്കമുള്ള മെഡിൽ ഉപകരണങ്ങളാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയത്. ബ്ലോക്കിന് കീഴിലെ രണ്ട് ആശുപത്രികൾക്ക് ആവശ്യമായ മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇതോടൊപ്പം നൽകി. അഞ്ച് പഞ്ചായത്തുകൾക്കുമായി രോഗികളെ കൊണ്ടു പോകുന്നതിനായി ഓക്സിജൻ അടക്കമുള്ള കോവിഡ് എമർജൻസി ആംബുലൻസ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നൽകി. കൂടാതെ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്കും ഗ്രാമ പഞ്ഞായത്തുകളിലെ കമ്യൂണിറ്റികിച്ചണിലേക്ക് പലവ്യഞ്ചനങ്ങൾ വാങ്ങുന്നതിനായി 25000 രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത് നൽകും. അശാ വർക്കർമാർക്ക് രണ്ട് പി പി കിറ്റും ഒരു ഓക്സിമീറ്ററും നൽകിയതോടൊപ്പം മുഴുവൻ ഡി സി സിയിലെ ആർ ആർ ടി പ്രവർത്തകർക്ക് 100 വീതം പി പി കിറ്റും ഇതോടൊപ്പം നൽകി. രോഗി പരിചരണത്തിനായി ആർ ആർ ടി വളന്റിയർ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തി ബ്ലോക്കിൽ വാർ റൂം തുടങ്ങും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർക്ക് നൽകി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മല്ലിക ദേവൻ, കെ ബി സുരേഷ്, ബിജോഷ് ആനന്ദൻ, സെക്രട്ടറി ഇൻ ചാർജ് ജോളി വിജയൻ, ഡോ.രാധാകൃഷ്ണൻ, ഡോ. ഫാത്തിമ സുഹറ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് മിനി മുരളീധരൻ സ്വാഗതം പറഞ്ഞു.

Related Posts