തളിക്കുളം ഗ്രാമപഞ്ചായത്ത് തൃശൂര്‍ ജില്ലയിലെ ആദ്യ ഒ.ഡി.എഫ് പ്ലസ് ഗ്രാമപഞ്ചായത്ത്
തളിക്കുളം: ജില്ലയിലെ ആദ്യ ഒ.ഡി.എഫ് പ്ലസ് ഗ്രാമപഞ്ചായത്ത് പദവി നേടി തളിക്കുളം ഗ്രാമപഞ്ചായത്ത്. സ്വച്ഛ്ഭാരത് മിഷന്‍ (ഗ്രാമീണ്‍) രണ്ടാംഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകള്‍ കൈവരിക്കേണ്ട ഒ.ഡി.എഫ് പ്ലസ് പദവിയ്ക്കായുള്ള സെല്‍ഫ് ഡിക്‌ളറേഷന്‍ നടത്തിയാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് ജില്ലയിലെ ആദ്യത്തെ ഒ.ഡി.എഫ് പ്ലസ് ഗ്രാമപഞ്ചായത്തായത്. ശുചിത്വ മാലിന്യ സംസ്‌ക്കരണ രംഗത്ത് സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) നിഷ്‌ക്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ കൈവരിക്കുകയും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഐഎംഐഎസില്‍ അപ്‌ലോഡ് ചെയ്തുകൊണ്ടുമാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് ഒ.ഡി.എഫ് പ്ലസ് പദവി നേടിയെടുത്തത്.
വെളിയിട വിസര്‍ജ്ജന വിമുക്തം എന്ന സ്ഥിതി നിലനിര്‍ത്തുന്നതിനൊപ്പം തന്നെ ഖര ദ്രാവക മാലിന്യ സംസ്കരണം ഉറപ്പുവരുത്തി ഗ്രാമപഞ്ചായത്തുകളെ കൂടുതല്‍ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് ഒ.ഡി.എഫ് പ്ലസ് കൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാ വീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയങ്ങള്‍ ഉറപ്പാക്കുക, നൂറോ അതില്‍ അധികമോ വീടുകളുള്ള ഗ്രാമങ്ങളില്‍ പൊതുശൗചാലയം ഉറപ്പാക്കുക, സ്‌കൂളുകള്‍, പഞ്ചായത്ത് ആസ്ഥാനങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിൽ പുരുഷനും സ്ത്രീക്കും പ്രത്യേകമായി ഉപയോഗ യോഗ്യമായ ശൗചാലയങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക, പൊതുയിടങ്ങള്‍ വൃത്തിയായും, മലിനജലം കെട്ടിനില്‍ക്കാതെയും പ്ലാസ്റ്റിക്ക് കൂമ്പാരങ്ങള്‍ ഇല്ലാതെയും ആക്കുക, എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും പഞ്ചായത്ത് ആസ്ഥാനങ്ങളിലും ജൈവ ദ്രവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുളള സൗകര്യങ്ങള്‍ ഉണ്ടാവുക തുടങ്ങിയവയാണ് ഒ.ഡി.എഫ് പ്ലസ് വില്ലേജുകളായി ഗ്രാമങ്ങളെ പ്രഖ്യാപിക്കുന്നതിനുളള മാനദണ്ഡങ്ങള്‍.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷം ഒ.ഡി.എഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തും