ആര്‍ദ്ര കേരളം പുരസ്‌കാരം ഏറ്റുവാങ്ങി തളിക്കുളം ഗ്രാമപ്പഞ്ചായത്ത്
തളിക്കുളം: കേരള സർക്കാരിന്റെ ആർദ്ര കേരള പുരസ്കാരം തൃശ്ശൂർ ജില്ലയിൽ തളിക്കുളം ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം. ആരോഗ്യ മേഖലയിൽ നൽകിയ സമഗ്ര സംഭാവനകൾക്ക് ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഭിനന്ദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം ആണ് ആർദ്ര കേരള പുരസ്കാരം.
പുരസ്‌കാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത, വൈസ് പ്രസിഡണ്ട് പി കെ. അനിത, ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ എം കെ ബാബു,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്‌സൺ ബുഷ്‌റ അബ്ദുൽ നാസർ, മെഡിക്കൽ ഓഫീസർ ഡോ. പി എ സഫീർ, ഡോ. എ ജെ കരുൺ, ഡോ കേതുൽ പ്രമോദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി പി ഹനീഷ്കുമാർ, പി ആർ ഒ കസീമ എന്നിവർ ചേർന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജനിൽ നിന്ന് ഏറ്റുവാങ്ങി.
നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് 2018-19 വര്‍ഷത്തെ ആര്‍ദ്രകേരളം പുരസ്‌കാരം നൽകിയത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 2018-19 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ അനുബന്ധ പദ്ധതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വലിയ തോതിലുളള മുന്നേറ്റമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ, അനുബന്ധ മേഖലകളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യ വകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനും ഇതിലൂടെ സാധിച്ചു.
പദ്ധതികൾ:- പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ, പ്രതിരോധ കുത്തിവെപ്പ്, പാലിയേറ്റീവ് പരിചരണം, കാൻസർ ഡിറ്റക്ഷൻ ക്യാമ്പ്, ഹരിത കർമ്മ സേനാംഗങ്ങളെ ഉപയോഗിച്ച് വാർഡുകളിൽ നിന്ന് പ്ലാസ്റ്റിക്ക് ശേഖരിച്ച് ഷെഡ്ഡിങ് യൂണിറ്റിലേക്ക് എത്തിക്കൽ, പ്ലാസ്റ്റിക് മുക്ത പഞ്ചായത്ത് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പൊതുസ്മശാനം, ബയോഗ്യാസ് പ്ലാന്റ്, എം എൽ എ ഫണ്ട് ഉപയോഗിച്ച് കുടുംബാരോഗ്യകേന്ദ്രം, സൗന്ദര്യവൽക്കരണം, ഹെൽത്ത് സെന്റർ പരിസരം വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാന നിർമ്മാണം, ബഡ്സ് സ്കൂൾ, മാലിന്യനിക്ഷേപ നിരോധിത ബോർഡുകൾ സ്ഥാപിക്കൽ, കംഫർട്ട് സ്റ്റേഷൻറെ പ്രവർത്തനം, ഗ്യാസ് ക്രിമിറ്റോറിയം, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, നേഴ്സ് നിയമനം, ആയുർവേദ ആശുപത്രിക്ക് മരുന്ന് വാങ്ങൽ, ഹോമിയോ ആശുപത്രി മരുന്ന് വാങ്ങൽ, ഹെൽത്ത് മാനേജ്മെന്റ് കമ്മിറ്റിയുടെ കാര്യമായ പ്രവർത്തനം, വാർഡ് തല ശുചീകരണം ശുചിത്വ കമ്മിറ്റിയുടെ കാര്യക്ഷമമായ ഇടപെടലുകൾ.
കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും മറ്റ് ജീവനക്കാരുടേയും ആശാവർക്കർമാരുടെ യും കൂട്ടായ പ്രവർത്തനവും രോഗി സൗഹൃദ അന്തരീക്ഷവും സമയബന്ധിതമായി പദ്ധതി നിർവ്വഹണവും തുടങ്ങിയ പദ്ധതികൾ വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്.