മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് കരുതലായി പഞ്ചായത്ത് പ്രസിഡണ്ടും ജന പ്രതിനിധികളും യൂത്ത് ആക്ഷൻ ഫോഴ്സ് വളണ്ടിയേഴ്സും.
തളിക്കുളം:
രണ്ട് മാസത്തോളമായി തളിക്കുളത്ത് അലഞ്ഞുതിരിഞ്ഞു നടക്കുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്ന കൊൽക്കത്ത സ്വദേശിയായ സദ്ധാമിനാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിതയുടെ നേതൃത്വത്തിൽ സംരക്ഷണമൊരുക്കിയത്. സദ്ധാമിന്റെ നീട്ടിവളർത്തിയ മുടി വെട്ടി കുളിപ്പിച്ച് നല്ല വസ്ത്രവും ഭക്ഷണവും നൽകി. യുവാവിനോട് വിവരങ്ങൾ അന്വേഷിച്ചപ്പോൾ സ്വന്തം പേരും സ്ഥലവും മാത്രമാണ് അറിയാൻ കഴിഞ്ഞത്. ഹിന്ദി ഭാഷയാണ് സംസാരിക്കുന്നത്. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന ഈ യുവാവ് രണ്ട് വർഷത്തോളമായി കേരളത്തിൽ എത്തി എന്നാണ് കരുതുന്നത്.
ജില്ലാ സാമൂഹ്യനീതി വകുപ്പിനെ വിവരമറിയിച്ച ശേഷം വലപ്പാട് പോലീസിന്റെ സഹായത്തോടെ മജിസ്ട്രേറ്റിന് മുന്നിൽ ഓൺലൈനായി ഹാജരാക്കുകയും സദ്ദാമിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനു വേണ്ടിയുള്ള സംവിധാനമൊരുക്കുകയും ചെയ്തു.
തളിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽനാസർ, ജനപ്രതിനിധികളായ സിംഗ് വാലത്ത്, കെ കെ സൈനുദ്ദീൻ, വലപ്പാട് എസ് ഐ അരിസ്റ്റോട്ടിൽ, ജനമൈത്രി പോലീസ് രാജേഷ്, ജിജീഷ്, വളണ്ടിയർ മാരായ ലിയാഖത്ത് അലി, ഹിനേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.