താമരശ്ശേരി ചുരം റോപ്‌വേ 2025ല്‍; 40 കേബിള്‍ കാറുകൾ, ചിലവ് 150 കോടി
താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ കുരുക്കിന് പരിഹാരമായി ലക്കിടി മുതൽ അടിവാരം വരെയുള്ള റോപ് വേ 2025ൽ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതി ആസൂത്രണം ചെയ്യാൻ ആലോചിക്കുന്നതായി തിരുവനന്തപുരത്ത് നടന്ന എം.എൽ.എമാരുടെയും വിവിധ സംഘടന, വകുപ്പ് പ്രതിനിധികളുടെയും യോഗത്തിൽ മന്ത്രി അറിയിച്ചു. പദ്ധതി വേഗത്തിലാക്കാൻ വനംമന്ത്രി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുമായി ഉടൻ യോഗം ചേരാനും തീരുമാനിച്ചു. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്‍റെ നേതൃത്വത്തിലുള്ള വെസ്റ്റേണ്‍ ഘട്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് അടിവാരം മുതൽ ലക്കിടി വരെ 3.7 കിലോമീറ്റർ നീളത്തിൽ റോപ് വേ നിർമിക്കുക. 40 കേബിൾ കാറുകൾ ഉണ്ടാകും. 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി അടിവാരത്ത് 10 ഏക്കറും ലക്കിടിയിൽ 1.75 ഏക്കർ സ്ഥലവും വാങ്ങിയിരുന്നു. വിശദമായ പദ്ധതി രേഖയും നേരത്തെ സമർപ്പിച്ചിരുന്നു. പദ്ധതി കടന്നുപോകുന്ന പ്രദേശത്തെ ഭൂമിയുടെ തരംമാറ്റല്‍ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.