'തണൽ' ഭവനങ്ങളൊരുക്കി ഹയർസെക്കന്ററി എൻ എസ് എസ് ടീം
സ്ക്രാപ്പ് ചലഞ്ചിലൂടെ വീടില്ലാത്ത കൂട്ടുകാർക്ക് തണൽ ഭവനങ്ങൾ നിർമിച്ച് നൽകാനൊരുങ്ങി ജില്ലയിലെ ഹയർസെക്കന്ററി നാഷണൽ സർവ്വീസ് സ്‌കീം. പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു.
നൂറ് യൂണിറ്റുകളിൽ നിന്നുള്ള പതിനായിരം വോളണ്ടിയർമാരാണ് വീടില്ലാത്ത സഹപാഠികൾക്കായി പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തി വീടുകൾ നിർമിക്കുന്നത്. 21 ലക്ഷം ചെലവിൽ മൂന്ന് സുവർണ്ണഭവനങ്ങളാണ് എൻ എസ് എസിൻ്റെ തണൽ ഭവനപദ്ധതിയിലൂടെ നിർമിക്കുന്നത്. വെള്ളാങ്ങല്ലൂർ, എറിയാട്, മാള എന്നീ പഞ്ചായത്തുകളിലെ മൂന്ന് വിദ്യാർത്ഥികൾക്കാണ് വീട് നിർമിച്ചു നൽകുന്നത്.
ചടങ്ങിൽ എം എൽ എമാരായ ഇ ടി ടൈസൺ മാസ്റ്റർ, അഡ്വ വി ആർ സുനിൽകുമാർ, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ്, ശ്രീനാരായണ പുരം പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ, തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഹയർസെക്കന്ററി അക്കാദമിക് ജില്ലാ കോർഡിനേറ്റർ വി എം കരീം, എൻ എസ് എസ് സംസ്ഥാന കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ, ജില്ലാ കോർഡിനേറ്റർ എം വി പ്രതീഷ് എന്നിവർ പങ്കെടുത്തു.