കാര്യവട്ടത്ത് താണ്ഡവമാടി സൂര്യകുമാർ യാദവ്; ഇരട്ട റെക്കോർഡ്
കാര്യവട്ടം: ദക്ഷിണാഫ്രിക്കയുടെ മുന്‍നിരയും ഇന്ത്യയുടെ വമ്പൻമാരായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഫീൽഡിൽ ബാറ്റ് പിടിക്കാൻ പാടുപെട്ട മൈതാനത്ത് താണ്ഡവമാടി സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാൻമാരിൽ ഒരാളെന്ന സ്ഥാനം ഉറപ്പിക്കുകയായിരുന്നു യാദവ്. 2 റെക്കോർഡുകളാണ് സൂര്യകുമാർ യാദവ് സൃഷ്ടിച്ചത്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 റണ്‍സ് നേടുന്ന ഇന്ത്യക്കാരന്‍ എന്ന നേട്ടം സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി. 2018 ൽ ശിഖർ ധവാൻ നേടിയ 689 റൺസ് എന്ന റെക്കോർഡാണ് സൂര്യ മറികടന്നത്. 21 മൽസരങ്ങളിൽ നിന്നും 40.66 ശരാശരിയിലും 180.29 സ്ട്രൈക്ക് റേറ്റിലുമാണ് സൂര്യകുമാറിന്‍റെ റണ്‍വേട്ട. 2016ൽ 641 റൺസ് നേടിയ വിരാട് കൊഹ്ലിയാണ് പട്ടികയിൽ മൂന്നാമത്. മത്സരത്തിലെ ആദ്യ സിക്സറിൽ സൂര്യ മറ്റൊരു റെക്കോർഡും കൂടി നേടി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ പാകിസ്താന്‍റെ മുഹമ്മദ് റിസ്വാന്‍റെ റെക്കോർഡാണ് സൂര്യകുമാർ മറികടന്നത്. 2021ൽ 42 സിക്സറുകൾ എന്ന റിസ്വാന്‍റെ റെക്കോർഡ് സൂര്യകുമാർ മറികടന്നു. കഴിഞ്ഞ വർഷം 41 സിക്സറുകൾ പറത്തിയ കിവീസ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിലാണ് പട്ടികയിൽ മൂന്നാമത്.