ആഹ്ലാദ പ്രകടനത്തിനിടെ വെടിവെപ്പ്, കാബൂളിൽ 17 പേർ കൊല്ലപ്പെട്ടു
പഞ്ജ്ശീറിൻ്റെ നിയന്ത്രണം തങ്ങൾ കൈയടക്കി എന്ന താലിബാൻ്റെ പ്രഖ്യാപനത്തെ തുടർന്ന് കാബൂളിലെ ആഹ്ലാദ പ്രകടനത്തിനിടെ നടന്ന വെടിവെപ്പിൽ ചുരുങ്ങിയത് 17 പേരെങ്കിലും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പിനെതിരെ പോരാട്ടം തുടരുന്ന അവസാനത്തെ പ്രവിശ്യയാണ് പഞ്ജ്ശീർ. മേഖല കൈക്കലാക്കി എന്ന താലിബാൻ്റെ പ്രഖ്യാപനത്തെ താലിബാൻ വിരുദ്ധ പോരാളികളും മുൻ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങുന്ന നാഷണൽ റസിസ്റ്റൻസ് ഫ്രണ്ട് തള്ളിക്കളഞ്ഞിട്ടുണ്ട്.
ആഹ്ലാദ പ്രകടനത്തിടെ നടന്ന "ആകാശത്തേക്കുള്ള വെടിവെപ്പിൽ" 17 പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഷംഷാദ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ടോളോ വാർത്താ ഏജൻസിയും സമാനമായ മരണസംഖ്യയാണ് നൽകിയിട്ടുള്ളത്.
വെടിവെപ്പിന് കാരണക്കാരായവരെ താലിബാൻ വക്താവ് കുറ്റപ്പെടുത്തി."ഏരിയൽ ഷൂട്ടിങ്ങ് " ഒഴിവാക്കാനും പകരം ദൈവത്തോട് നന്ദി പറയാനും സംഘടനയുടെ പ്രധാന വക്താവായ സബീഹുള്ള മുജാഹിദ് ആവശ്യപ്പെട്ടു. അനാവശ്യമായ വെടിവെപ്പുകൾ ഒഴിവാക്കണമെന്നും സിവിലിയന്മാർക്ക് അത് ദോഷം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റു ചെയ്തു