തരൂരിന് സ്വീകാര്യത വർദ്ധിക്കുന്നു; പ്രചാരണം ശക്തമാക്കി ഖാർഗെ

ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്താനുള്ള സൗഹൃദ മത്സരമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരമെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും ശശി തരൂർ എംപിയും പ്രചാരണം ശക്തമാക്കി. ശശി തരൂർ ഇന്ന് മുംബൈയിലും ഖാർഗെ ശ്രീനഗറിലും ഡൽഹിയിലും പ്രചാരണത്തിനെത്തും. തരൂരിന്റെ നീക്കങ്ങൾ പോരാടാൻ ഉറച്ചുള്ളതാണ്. മാറ്റം വാഗ്ദാനം ചെയ്ത് മത്സരത്തിനിറങ്ങിയ അദ്ദേഹത്തിന്‍റെ സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തരൂരിന് ആയിരത്തിലധികം വോട്ടുകൾ ലഭിച്ചാൽ അത് വലിയ നേട്ടമാകും. 300 ഓളം വോട്ടുള്ള കേരളത്തിൽ നിന്ന് പകുതിയോളം വോട്ടുകളാണ് തരൂർ വിഭാഗം പ്രതീക്ഷിക്കുന്നത്. അത് യാഥാർത്ഥ്യമായാൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥിക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച സംസ്ഥാന നേതൃത്വത്തിന് അത് കനത്ത തിരിച്ചടിയാകും. സ്ഥാനങ്ങളിൽ ഇരുന്ന് പക്ഷം പിടിക്കുന്ന നേതാക്കൾക്കെതിരെ കൂടുതൽ പരാതികൾ നൽകാനും തരൂരിനെ പിന്തുണയ്ക്കുന്നവർ ആലോചിക്കുന്നുണ്ട്. വിജയം സുനിശ്ചിതമാണെങ്കിലും തരൂരിന്റെ ദയനീയ പരാജയം കൂടി ലക്ഷ്യമിട്ടാണ് ഖാർഗെയുടെ പ്രചാരണം. ശ്രീനഗറിൽ വരെ അദ്ദേഹം പ്രചാരണം നടത്തി. തരൂരിന്റെ വർദ്ധിച്ചുവരുന്ന സ്വീകാര്യത ഔദ്യോഗിക പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഭൂരിപക്ഷം വോട്ടുകൾ നേടി തരൂരിന്റെ പരാജയം ഉറപ്പിക്കാനും ഖാർഗെ വിഭാഗം ശ്രമിക്കുന്നുണ്ട്. തനിക്ക് 80 വയസ്സാണെങ്കിലും താൻ പ്രസിഡന്‍റായാൽ ഉദയ്പൂർ പ്രഖ്യാപനം പാലിക്കുമെന്നും 50 ശതമാനം പാർട്ടി പദവികൾ യുവാക്കൾക്കായിരിക്കുമെന്നും ഖാർഗെ പറഞ്ഞു.

Related Posts