പൗരന്മാരുടെ സുരക്ഷ പ്രധാനമെന്ന് ഐക്യരാഷ്ട്ര രക്ഷാകൗൺസിലിൽ ഇന്ത്യ
വിദ്യാർഥികൾ ഉൾപ്പെടെ ഉക്രയ്നിലുള്ള 20,000-ത്തിലധികം വരുന്ന പൗരന്മാരുടെ സുരക്ഷിതത്വത്തിനാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് ഐക്യരാഷ്ട്ര രക്ഷാ കൗൺസിലിൽ ഇന്ത്യ. കിഴക്കൻ ഉക്രയ്നിലെ റഷ്യൻ അനുകൂല മേഖലകളായ ഡൊണെട്സ്ക്, ലുഹാൻസ്ക് ജനകീയ റിപ്പബ്ലിക്കുകളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിക്കാൻ റഷ്യ തീരുമാനിച്ചതിനെ തുടർന്ന് മേഖലയിൽ ഉരുണ്ടുകൂടിയ യുദ്ധഭീതിക്കിടെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
ക്രെംലിൻ അധിനിവേശത്തെക്കുറിച്ചുള്ള അമേരിക്കയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ ധാരാളം ഇന്ത്യൻ പൗരന്മാരുണ്ട്.
റഷ്യൻ ഫെഡറേഷനുമായുള്ള ഉക്രയ്ൻ അതിർത്തിയിൽ പിരിമുറുക്കം വർധിച്ചു വരുന്നത് ആശങ്ക ഉയർത്തുന്നതായി യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു. പുതിയ സംഭവ വികാസങ്ങൾ മേഖലയുടെ സമാധാനവും സുരക്ഷയും തകർക്കാൻ സാധ്യതയുണ്ട്.
2015-ലെ സമാധാന ഉടമ്പടി ലംഘിച്ച് കിഴക്കൻ ഉക്രയ്‌നിലെ വിമത മേഖലകളായ ഡൊണെട്സ്ക് ലുഹാൻസ്ക് എന്നിവയെ റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിൻ സ്വതന്ത്രമായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് യു എൻ സുരക്ഷാ യോഗം അടിയന്തരമായി വിളിച്ചത്.