ആ കാത്തിരിപ്പ് അവസാനിച്ചു, മലയാള മണ്ണ് ഇനി രവിയത്തുമ്മയ്ക്ക് സ്വന്തം
ശ്രീലങ്കൻ പൗരത്വം ഉപേക്ഷിച്ച്, ഇന്ത്യൻ പൗരത്വം നേടുകയെന്ന രവിയത്തുമ്മ ജമ്മലൂദിന്റെ ആഗ്രഹം 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സഫലം.ശ്രീലങ്കൻ സ്വദേശിനിയായിരുന്ന കയ്പമംഗലം, അമ്പലത്ത് വീട്ടിൽ, ജമ്മലൂദീന്റെ ഭാര്യ രവിയത്തുമ്മ ജമ്മലൂദിന് ഇനി ഇന്ത്യൻ വംശജയായി തന്നെ കേരള മണ്ണിൽ താമസിക്കാം. കലക്ട്രേറ്റ് ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ രവിയത്തുമ്മയ്ക്കും ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി.
ശ്രീലങ്കൻ സ്വദേശിയായിരുന്ന രവിയത്തുമ്മ ജമ്മലൂദിനെ വിവാഹം കഴിച്ചതിന് ശേഷമാണ് കയ്പമംഗത്ത് എത്തുന്നത്. കുവൈറ്റിൽ ജോലി ചെയ്യുന്നതിനിടയിലാണ് എൻജിനീയറായ ജമ്മലൂദിനുമായുള്ള വിവാഹം. പ്രവാസ ജീവിതം അവസാനിപ്പിച്ച് 2006 മുതലാണ് രവിയത്തുമ്മ കയ്പമംഗലത്ത് സ്ഥിരതാമസമാക്കുന്നത്. ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകി വർഷങ്ങളായെങ്കിലും തീരുമാനമായിരുന്നില്ല. കേരളത്തിൽ നിന്ന് പഠിക്കണമെന്ന മകൾ പറജ ജമ്മലുദീന്റെ ആഗ്രഹം കൂടിയാണ് ഇന്ത്യൻ പൗരത്വ ലബ്ധിയിലൂടെ സഫലമാകുന്നത്. നാല് വർഷം മുമ്പ് ഭർത്താവ് ജമ്മലൂദിൻ കാൻസർ ബാധിച്ച് മരിച്ചു.