107 വയസ്സുള്ള ഈ ജാപ്പനീസ് സഹോദരിമാരാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇരട്ടകൾ
യൂമെനോ സുമിയാമ, കൗമി കൊഡാമ- ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇരട്ട സഹോദരിമാർ. ഗിന്നസ് വേൾഡ് റെക്കോഡ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ജപ്പാനിൽ നിന്നുള്ള പ്രായം ചെന്ന ഇരട്ട സഹോദരിമാരുടെ ചിത്രങ്ങൾ പുറത്തു വിട്ടത്.
"ജപ്പാനിൽ നിന്നുള്ള 107 വയസ്സുള്ള യൂമെനോ സുമിയാമ, കൗമി കൊഡാമ സഹോദരിമാരെ ഞങ്ങൾ അഭിനന്ദിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഇരട്ടകൾ നിങ്ങളാണ്, " ഗിന്നസ് വേൾഡ് റെക്കോഡ്സ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇരട്ട റെക്കോഡുകളാണ് ഇരട്ടകൾക്ക് കൈവന്നിരിക്കുന്നതെന്നും ഗിന്നസുകാർ പറയുന്നു. ഒന്നാമതായി, ലോക ചരിത്രത്തിലെ എക്കാലത്തേയും പ്രായം ചെന്ന ഇരട്ടകൾ എന്നതു തന്നെ. രണ്ടാമതായി, ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഇരട്ടകളായ സ്ത്രീകൾ എന്നതാണ്.
ചെറുപ്പം മുതൽ ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തന്നെ കൗമി അമ്മാവൻ്റെ വീട്ടിലേക്ക് താമസം മാറി. എഴുപത് വയസ്സിനു ശേഷം കൂടുതൽ സമയവും ഇരുവരും ഒന്നിച്ചാണ് കഴിയുന്നത്.
107 വയസ്സും 300 ദിവസവുമാണ് ഇരട്ടകളുടെ യഥാർഥ പ്രായം. അതായത് 108 ലേക്ക് പ്രവേശിക്കാൻ രണ്ടുമാസം മാത്രം. ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് ഒട്ടേറെ പേരാണ് ഗിന്നസ് റെക്കോഡിട്ട ജാപ്പനീസ് സഹോദരിമാരെ അഭിനന്ദിക്കുന്നത്.