2022 ഫുട്‌ബോള്‍ ലോകകപ്പ് ഒരു ദിവസം നേരത്തേ ആരംഭിക്കും
സൂറിച്ച്: 2022 ഫുട്‌ബോള്‍ ലോകകപ്പ് ഒരു ദിവസം നേരത്തേ ആരംഭിക്കും. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നവംബർ 20നാണ് ലോകകപ്പ് നടക്കുക. 21ന് ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ആതിഥേയരായ ഖത്തറിന് ഉദ്ഘാടന മത്സരത്തിൽ കളിക്കാൻ അനുവദിക്കുന്നതിനായാണ് മത്സരത്തിന്‍റെ ഷെഡ്യൂളിൽ മാറ്റം വരുത്തിയത്. നേരത്തെ തീരുമാനിച്ചത് പ്രകാരം ഗ്രൂപ്പ് എയിലെ നെതര്‍ലന്‍ഡ്സ്-സെനഗല്‍ പോരാട്ടമായിരുന്നു ഉദ്ഘാടന മത്സരമായി നടക്കേണ്ടത്. എന്നാൽ പുതുക്കിയ തീയതി അനുസരിച്ച്, ഈ മത്സരത്തിന് പകരം, ആതിഥേയരായ ഖത്തറും ഇക്വഡോറും ഉദ്ഘാടനമത്സരത്തില്‍ ഏറ്റുമുട്ടും. എന്നാൽ ഫൈനൽ ഉൾപ്പെടെയുള്ള മറ്റ് മത്സരങ്ങളിൽ മാറ്റമില്ല. നേരത്തെ തീരുമാനിച്ചതുപോലെ ഡിസംബർ 18നാണ് ഫൈനൽ നടക്കുക.