ഡ്രൈവിംഗ് സ്കൂൾ തുറക്കണം; മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് നേടി 54കാരി

കൊച്ചി : മെക്കാനിക്കൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ് കോഴ്സിൽ ഒന്നാം റാങ്ക് നേടി 54കാരി കുമാരി. ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കണമെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ള ഒരാളെയും നിയമിക്കേണ്ടതുണ്ട്. എന്നാൽ അതിന് മാത്രമായി ഒരാളെ നിയമിച്ച് ശമ്പളം നൽകേണ്ടതില്ല, സ്വയം പഠിച്ച് സർട്ടിഫിക്കറ്റ് നേടാമല്ലോ എന്ന വെഹിക്കിൾ ഇൻസ്‌പെക്ടറുടെ അഭിപ്രായമാണ് കുമാരിക്ക് പ്രചോദനമായത്. കളമശ്ശേരി പോളി ടെക്നിക്കിൽ ഒരു വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്സിന് ചേർന്ന കുമാരിക്ക് ഫലം വന്നപ്പോൾ കേരളത്തിലെ ഏറ്റവും ഉയർന്ന മാർക്ക്. 600ൽ 574 മാർക്കാണ് കുമാരി നേടിയത്. ഓട്ടോമൊബൈൽ ഡീലർ കമ്പനിയിൽ ജോലിക്കാരിയായിരുന്ന കുമാരി 1993 ൽ ഓട്ടോ, കാർ ലൈസൻസും, 2013 ൽ ഹെവി ലൈസൻസും നേടിയിരുന്നു. ബജാജ് സണ്ണി സ്കൂട്ടർ ഇറങ്ങിയ കാലത്ത് സ്ത്രീകളെ മുന്നോട്ടിറങ്ങാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ 10 ടീച്ചർമാരെ സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കുക എന്ന പദ്ധതിയിലെ ട്യൂട്ടർ ആയിരുന്നു കുമാരി. 3,000 വനിതകളെ ഇതിനോടകം കുമാരി സ്കൂട്ടർ ഓടിക്കാൻ പഠിപ്പിച്ചു.

Related Posts