56ന്റെ കോർട്ടിലും ആവേശം ചോരാതെ ശ്രീരാജ്
പൂരനഗരിയിൽ ജില്ലാ റവന്യൂ കായികോത്സവം ആവേശം ചൊരിയുമ്പോൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുകയാണ് പി കെ ശ്രീരാജ് കുമാർ. ബാഡ്മിന്റൺ കോർട്ടിൽ യുവതലമുറയ്ക്കൊപ്പം തീപാറുന്ന മത്സരം കാഴ്ചവെച്ചാണ് ഈ 56 കാരൻ കായികോത്സവത്തിന്റെ ആവേശമാകുന്നത്. സിംഗിൾസിലും ഡബിൾസിലും അദ്ദേഹം മൂന്നാം സ്ഥാനം നേടി. തൃശൂർ കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ടായ ശ്രീരാജ് കുമാർ ഓപ്പൺ ഇവന്റിലാണ് കളിച്ചത്.
റവന്യൂ കലോത്സവത്തിൽ പ്രായപരിധി ഇല്ലാത്തതിനാൽ യുവതലമുറയ്ക്കൊപ്പം കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കായികാവേശം ചോരാതെ ശ്രീരാജ് പറയുന്നു. ഈ മാസം 31ന് സർവീസിൽ നിന്നും വിരമിക്കുന്ന അദ്ദേഹത്തിന്റെ അവസാന റവന്യൂ കായികമത്സര വേദി കൂടിയാണിത്. കഴിഞ്ഞ വർഷങ്ങളിൽ ബാഡ്മിന്റൺ വിഭാഗത്തിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.