എട്ടാമത് സൗദി ഫിലിം ഫെസ്റ്റിവൽ ജൂൺ 2 ന് ആരംഭിക്കും
ദമ്മാം: എട്ടാമത് സൗദി ചലച്ചിത്രോത്സവ തീയതി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ദമ്മാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്‍റർ ഫോർ വേൾഡ് കൾചറിലെ (ഇത്റ) വാർത്തസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നു പുതിയ വിഭാഗത്തിലുള്ള മത്സരങ്ങളും കൂടുതൽ അംഗീകാരങ്ങളും എട്ടാമത്തെ മേളയുടെ പ്രത്യേകതയാകും. ജൂൺ രണ്ടിന് ആരംഭിക്കുന്ന ചലച്ചിത്രോത്സവം എട്ടു ദിവസം നീണ്ടുനിൽക്കുമെന്ന് ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ അഹമ്മദ് അൽ മുല്ലയും ഇത്റ പ്രോഗ്രാം ഡയറക്ടർ ഡോ. അഷ്‌റഫ് ഫക്കിഹും പറഞ്ഞു.
ഇത്റയിലെ വിവിധ തിയറ്ററുകളിലാണ് പ്രദർശനം. സൗദി ഫിലിം കമ്മീഷന്‍റെ പ്രത്യേക പിന്തുണയോടെയാണ് ഇത്തവണത്തെ ചലച്ചിത്രോത്സവം. 'കാവ്യ സിനിമ' ആണ് എട്ടാം ചലച്ചിത്രോത്സവത്തിന്റെ പ്രമേയം. സർഗാത്മക ഭാവനയെ ഉത്തേജിപ്പിക്കുന്ന ദാർശനിക അർഥങ്ങളും സൗന്ദര്യഭാവങ്ങളും ഉൾക്കൊള്ളുന്ന സിനിമ എന്നതാണ് കാവ്യ സിനിമ എന്നതുകൊണ്ട് അർഥമാക്കുന്നത്. 'കാവ്യാത്മക സിനിമ' എന്ന തീം അതിന്‍റെ വിഷ്വൽ ഐഡന്‍റിറ്റിയായി ഫെസ്റ്റിവൽ ഉടനീളം പ്രതിഫലിക്കും. ചൈനയാണ് ഇത്തവണത്തെ അതിഥിരാജ്യം. ജീവിതത്തുടിപ്പുകൾ പറയുന്ന യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന ചൈനീസ് സിനിമകൾ മേളയിൽ പ്രത്യേകം പ്രദർശിപ്പിക്കും.
സൗദി സിനിമയിൽ മികച്ച സംഭാവന അർപ്പിച്ചവരെ ആദരിക്കും. ഹോളിവുഡ് നടനായ ആദ്യത്തെ സൗദി അറബ് ചലച്ചിത്ര നിർമാതാവ് ഖലീൽ ബിൻ ഇബ്രാഹിം അൽ-റവാഫിനെയും കുവൈത്തിലെ ചലച്ചിത്രനിർമാതാവും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായ ഖാലിദ് അൽ സിദ്ദീഖിനെയുമാണ് മേളയുടെ എട്ടാം പതിപ്പിൽ ആദരിക്കുന്നത്.
ഖാലിദ് അൽ സിദ്ദീഖി 1972ൽ നിർമിച്ച് സംവിധാനം ചെയ്ത ഇതിഹാസചിത്രം 'ബാസ് യാ ബഹാർ' (ക്രൂരമായ കടൽ) മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ കുവൈത്ത് ചിത്രമാണ്. കുവൈത്ത് സിനിമാ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരിൽ പ്രധാനിയാണ് ഇദ്ദേഹം.
പ്രൊഡക്ഷൻ കമ്പനികൾക്കും നിർമാതാക്കൾക്കും അവരുടെ സിനിമ വിജയിപ്പിക്കുന്നതിന് ഒരു വേദി പ്രദാനംചെയ്യുന്നതിനൊപ്പം സിനിമ നിർമാണ മേഖലയിൽ സഹായകമാകുന്ന സെമിനാറുകളും ശിൽപശാലകളും ഉണ്ടാകും. മൂന്നു മത്സരങ്ങളും മൂന്നു പുതിയ അവാർഡുകളും ഉണ്ടാകും. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും. മികച്ച എക്സിക്യൂട്ടഡ് സ്ക്രിപ്റ്റ് അവാർഡ്, ഗൾഫ് ഫിലിം അവാർഡ്, ഒരു സൗദി നോവലിന്‍റെ മികച്ച തിരക്കഥക്കുള്ള ഗാസി അൽ-ഗുസൈബി അവാർഡ് എന്നീ അംഗീകാരങ്ങൾകൂടി ഇത്തവണത്തെ മേളയിൽ അധികമായിട്ടുണ്ടാകും. മാർച്ച് 26 വരെ സൗദി ചലച്ചിത്രോത്സവത്തിന്റെ വെബ്സൈറ്റ് വഴി മത്സരത്തിനുള്ള എൻട്രി സമർപ്പിക്കാം.