ഓണത്തിന് മുൻപ് എല്ലാവർക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണത്തിന് മുമ്പ് കിറ്റ് എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടിണി രഹിത കേരളം യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിതരണം ചെയ്യുന്ന ഓണക്കിറ്റുകളുടെ ഗുണനിലവാരവും ഉറപ്പാക്കിയിട്ടുണ്ട്. വാതിൽപ്പടി സേവനങ്ങൾ വഴിയും കിറ്റ് എത്തിക്കുന്നുണ്ട്. ഈ സേവനങ്ങളിലൂടെ 891 ക്ഷേമ സ്ഥാപനങ്ങളിലേക്ക് കിറ്റുകൾ എത്തിക്കും. ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥർ കിറ്റുകൾ എത്തിക്കുമെന്നും എല്ലാ വിഭാഗം ജനങ്ങളിലേക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുത് എന്ന് കരുതി കേരളം നടത്തിയ പ്രവർത്തനങ്ങൾ ലോകം ശ്രദ്ധിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ മനസ്സ് എന്താണെന്ന് അറിയാവുന്ന ഒരു സർക്കാരുണ്ടെന്നും വിലക്കയറ്റത്തിന്‍റെ നാളുകളിൽ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.