ആല്‍ഫ പാലിയേറ്റീവ് കെയര്‍ ദുരന്തനിവാരണ സാന്ത്വന സേനയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നടന്നു
എടമുട്ടം: കേരളം നേരിടുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ പരിഗണിച്ച് സമൂഹത്തില്‍ ഏറ്റവും അവശതയനുഭവിക്കുന്ന കിടപ്പിലായ രോഗികളെയും കുടുംബങ്ങളെയും സഹായിക്കുവാനായി 'ദുരന്തനിവാരണ സാന്ത്വന സേനയ്ക്ക്' തുടക്കമായി. ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ 18 കേന്ദ്രങ്ങളിലെയും സന്നദ്ധ പ്രവര്‍ത്തകരെയും സ്റ്റാഫംഗങ്ങളെയും ഉള്‍പ്പെടുത്തി രൂപീകരിച്ച സേനയുടെ ഉദ്ഘാടനം ചാവക്കാട് തഹസില്‍ദാര്‍ (ഭൂരേഖ) ഉഷാകുമാരി നിര്‍വഹിച്ചു. സാന്ത്വനമെന്ന വാക്കും അതിന്‍റെ വിലയും തീക്ഷ്ണതയും മനസ്സിലാക്കാന്‍ അത്തരമൊരവസ്ഥയില്‍കൂടി കടന്നുപോയവര്‍ക്കു മാത്രമേ കഴിയൂവെന്ന് സ്വന്തം അനുഭവങ്ങള്‍ വിശദീകരിച്ച് ഉദ്ഘാടക വിവരിച്ചത് ചടങ്ങിന് വ്യത്യസ്ത അനുഭവമായി.
ആല്‍ഫ ഓഡിറ്റോറിയത്തില്‍ നടത്തിയ യോഗത്തില്‍ പാലിയേറ്റീവ് കെയര്‍ പരിശീലന പരിപാടിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാഫിനും വളണ്ടിയര്‍മാര്‍ക്കുമുള്ള അവാര്‍ഡുകളും സ്റ്റാന്‍ഫോര്‍ഡ് മെഡിസിന്‍, ടാറ്റാ ട്രസ്റ്റ്, നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാം, എക്വിപ് ഇന്ത്യ എന്നിവര്‍ സംയുക്തമായി നടത്തിയ ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാമില്‍ പങ്കെടുത്ത ആല്‍ഫ ടീമിനുള്ള സര്‍ട്ടിഫിക്കറ്റുകളും പാലിയേറ്റീവ് കെയര്‍ നഴ്സിംഗ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും തഹസില്‍ദാര്‍ വിതരണം ചെയ്തു.
ദുരന്തനിവാരണ സാന്ത്വന സേനയ്ക്കു കീഴില്‍ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമടക്കമുള്ളവരെ അണിനിരത്തിയും പരിശീലനം നല്‍കിയും വിപുലപ്പെടുത്താനാണ് ആല്‍ഫ ഉദ്ദേശിക്കുന്നതെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ അറിയിച്ചു. അതിനായി സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കും. നിലവില്‍ ഓരോ സെന്‍ററിലെയും 11 പേരെ ഉള്‍പ്പെടുത്തിയാണ് സേനയ്ക്കു രൂപം നല്‍കിയിട്ടുള്ളത്. ഇവര്‍ ദുരന്ത സാഹചര്യങ്ങളില്‍ വീടുകളില്‍നിന്ന് അഭയകേന്ദ്രങ്ങളിലേക്കു മാറ്റേണ്ടവരെ നേരത്തെ കണ്ടെത്തുകയും ഒട്ടും വൈകാതെ സഹായങ്ങള്‍ നല്‍കുകയും ചെയ്യും. ഓരോ സെന്‍ററും ചുരുങ്ങിയത് 5 രോഗികളെയെങ്കിലും പാര്‍പ്പിക്കാവുന്ന രീതിയില്‍ ഒരുങ്ങുകയും ഒപ്പം ക്യാമ്പുകളിലോ വീടുകളിലോ കഴിയുന്ന പാലിയേറ്റീവ് പരിചരണം വേണ്ടവര്‍ക്ക് അത് ലഭ്യമാക്കുകയും ചെയ്യും. കൂടാതെ ആല്‍ഫ ഡയാലിസിസ് സെന്‍റര്‍ കൂടുതല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് കുറഞ്ഞത് ദിനംപ്രതി 20 അധിക ഡയാലിസിസ് ചെയ്യുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
ആല്‍ഫ പാലിയേറ്റീവ് കെയര്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗം കെ എ കദീജാബി സ്വാഗതം പറഞ്ഞ യോഗത്തില്‍ ആല്‍ഫ മെഡിക്കല്‍ ഹെഡ് ഡോ. ജോസ് ബാബു, കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, ട്രസ്റ്റി രവി കണ്ണമ്പിള്ളില്‍, ഗവേണിംഗ് കൗണ്‍സില്‍ അംഗം വി ജെ തോംസണ്‍, എസ് എ പി സി ചീഫ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ വീനസ് തെക്കല എന്നിവർ പ്രസംഗിച്ചു ചീഫ് ഫിസിയോതെറാപ്പിസ്റ്റ് സി കെ സനൂപ് നന്ദി പറഞ്ഞു.