സംസ്ഥാന സര്‍ക്കാറിന് വേണ്ടി അക്കാദമി നടപ്പിലാക്കുന്ന അമേച്വര്‍ നാടകസംഘങ്ങള്‍ക്കുള്ള 50 ലക്ഷം രൂപ ധനസഹായ പദ്ധതിയുടെ ഭാഗമായാണ് എറണാകുളത്ത് നാടകോത്സവം സംഘടിപ്പിക്കുന്നത്.
എറണാകുളത്ത് അമേച്വർ നാടകോത്സവം മാര്‍ച്ച് 22 ന് ആരംഭിക്കും

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവം മാര്‍ച്ച് 22 മുതല്‍ 25 വരെ എറണാകുളം ജില്ലയിലെ ഇടപ്പളള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കും. സംസ്ഥാന സര്‍ക്കാറിന് വേണ്ടി അക്കാദമി നടപ്പിലാക്കുന്ന അമേച്വര്‍ നാടകസംഘങ്ങള്‍ക്കുള്ള 50 ലക്ഷം രൂപ ധനസഹായ പദ്ധതിയുടെ ഭാഗമായാണ് എറണാകുളത്ത് നാടകോത്സവം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 22 ന് വൈകീട്ട് ആറിന് നാടകോത്സവം വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ അക്കാദമി വൈസ്ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. സിനിമാതാരം മുത്തുമണി സോമസുന്ദരന്‍ വിശിഷ്ടാതിഥിയായിരിക്കും. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡണ്ട് പി പ്രകാശ് സംസാരിക്കും. അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി കെ അനില്‍കുമാര്‍ സ്വാഗതവും ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി ടി ജി രവികുമാര്‍ നന്ദിയും പറയും
'ഒരാള്‍ക്ക് എത്ര മണ്ണ് വേണം' നാടകത്തോടെ എറണാകുളത്തെ വേദി ഉണരും
കേരള സംഗീത നാടക അക്കാദമി ഇടപ്പളള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ മാര്‍ച്ച് 22 മുതല്‍ സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവത്തിന് 'ഒരാള്‍ക്ക് എത്ര മണ്ണ് വേണം' എന്ന നാടകത്തോടെ തിരി തെളിയും. രഞ്ജിത്ത് ഡിങ്കി രചനയും സംവിധാനവും നിര്‍വഹിച്ച ഈ നാടകം തൃശ്ശൂര്‍ ഹാഷ്മി കലാവേദി വായനശാല ആന്റ് ഹാഷ്മി തിയ്യറ്റര്‍ ഗ്രൂപ്പാണ് മാര്‍ച്ച് 22 ന് വൈകീട്ട് ഏഴിന് അവതരിപ്പിക്കുക. മാര്‍ച്ച് 23 ന് വൈകീട്ട് ഏഴിന് ചേറൂര്‍ രംഗചേതന അവതരിപ്പിക്കുന്ന കെ വി ഗണേഷ് സംവിധാനം ചെയ്ത 'ചേരൂര്‍പ്പട'യും 24 ന് ആറങ്ങോട്ടുകര കലാപാംശാല അവതരിക്കുന്ന സി എം നാരായണന്‍ സംവിധാനം ചെയ്ത മ്യൂസിയം ഓഫ് സൈലന്‍സും 25 ന് എടക്കളത്തൂര്‍ ദേശാഭിമാനി കലാ-കായിക സാംസകാരിക വേദി ആന്റ് പബ്ലിക് ലൈബ്രറി അവതരിപ്പിക്കുന്ന അലിയാര്‍ കെ സംവിധാനം ചെയ്ത 'ഹ്യൂമണ്‍ ഫാക്ടര്‍' എന്ന നാടകവും അരങ്ങേറും.