തലയിൽ കുറച്ച് ആൾതാമസമുള്ളവർ ആരുമില്ലേ? ആദ്യം ആർമിയെ വിളിക്കണമായിരുന്നു; വിമർശനവുമായി മേജർ രവി
ഒരു തുള്ളി വെള്ളമോ ഭക്ഷണമോ ഇല്ലാതെ മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനായി കേരളക്കര ഒന്നാകെ കാത്തിരുന്നത് 43 മണിക്കൂറിൽ അധികമാണ്. രക്ഷാദൗത്യത്തിൽ കോസ്റ്റ് ഗാർഡ് ഉൾപ്പടെയുള്ളവർ പരാജയപ്പെട്ടപ്പോൾ ഇന്ത്യൻ ആർമിയെ ഏൽപ്പിക്കുകയായിരുന്നു. ഇപ്പോൾ ദുരന്തനിവാരണ വിഭാഗത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ മേജർ രവി. ലൈഫ് ഗാർഡിനെ വിളിക്കുന്നതിന് മുമ്പ് ആർമിയെ വിളിക്കണമായിരുന്നു എന്നാണ് ലൈവ് വിഡിയോയിലൂടെ രവി പറഞ്ഞത്.
ദുരന്തനിവാരണ വിഭാഗത്തിൽ തലയ്ക്കകത്ത് ആൾത്താമസമുള്ള ആരുമില്ലേ എന്നും അദ്ദേഹം ചോദിച്ചു. ആർമിയെ വിളിച്ചിരുന്നെങ്കിൽ ഇന്നലെ വൈകിട്ടോടെ തന്നെ ബാബുവിനെ മലയിടുക്കിൽ നിന്ന് രക്ഷിക്കാമായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ബാബു രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മേജർ രവിയുടെ വാക്കുകൾ
ബാബു ജീവനോടെ തിരിച്ചുവന്നതിൽ സർവേശ്വരനോട് നന്ദി. ആർമിക്കാരോട് നന്ദി പറയേണ്ട കാര്യമില്ല. കാരണം അത് ഞങ്ങളുടെ കടമയാണ്. ഈ സുരക്ഷാദൗത്യത്തിൽ ഉണ്ടായിരുന്ന എല്ലാ പട്ടാളക്കാർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ബാബുവിനെ രക്ഷിച്ചതിൽ ഞങ്ങളെല്ലാവരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇനി കുറച്ച് കാര്യങ്ങൾ സർക്കാരിനോടു പറയാനുണ്ട്. കൃത്യമായ വിദ്യാഭ്യാസ നിലവാരമില്ലാത്ത ആളുകളെ പല വിഭാഗത്തിലും പോസ്റ്റ് ചെയ്ത സംഭവങ്ങൾ ഈ അടുത്തൊക്കെ നമ്മൾ അറിഞ്ഞതാണ്. പാർട്ടി അനുഭാവിയെന്ന നിലയിൽ നിങ്ങൾ ആരെ വേണമെങ്കിലും പോസ്റ്റ് ചെയ്തോളൂ. ഒരു കാര്യം പറയാം. ഈ ദുരന്തനിവാരണ വിഭാഗത്തിൽ തലയ്ക്കകത്ത് കുറച്ച് ആൾ താമസം ഉള്ളവരെ എങ്കിലും വിടണം.
എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചാൽ, ഒന്നു നേരേ ഇരിക്കാൻ പോലും കഴിയാത്ത ചെറിയൊരു ഗുഹയിലാണ് ബാബു കുടുങ്ങിക്കിടന്നത്. ദൈവാനുഗ്രഹം കൊണ്ടാണ് അങ്ങനെയൊരു സ്ഥലത്തുതന്നെ വന്നു തടഞ്ഞിരിക്കാൻ കഴിഞ്ഞത്. അങ്ങനെ ഇരിക്കുന്ന സാഹചര്യം കൂടി മനസ്സിലാക്കണം. പാലക്കാട്ടെ ഈ മാസത്തെ ചൂെടന്നു പറഞ്ഞാൽ ചിന്തിക്കാൻ പോലും സാധിക്കില്ല. ആ സാഹചര്യത്തിൽ ശരീരത്തിന് ഡി ഹൈഡ്രേഷൻ സംഭവിക്കും. അങ്ങനെ വന്നാൽ അതുമതി തല കറങ്ങി താഴെ വീഴാൻ. ഒരു മിനിറ്റ് നേരത്തേ രക്ഷിക്കുക എന്നതാണ് ഗവൺമെന്റ് ആദ്യം ചെയ്യേണ്ടത്. ഞാൻ കുറ്റം പറയുന്നതല്ല, നിങ്ങളൊക്കെ മനസ്സിലാക്കുവാൻ വേണ്ടി കുറച്ച് കാര്യങ്ങൾ പറഞ്ഞുതരികയാണ്.
പത്രത്തിലൂടെയാണ് ബാബു ഇരിക്കുന്ന സ്ഥലം ഞാൻ മനസ്സിലാക്കിയത്, അതു കണ്ടാൽത്തന്നെ അറിയാം ഹെലികോപ്റ്റർ കൊണ്ടുവന്നാൽ രക്ഷപ്പെടുത്താൻ പറ്റുന്ന പൊസിഷൻ അല്ല അത്. ഇനി ഹെലികോപ്റ്റർ കൊണ്ടുവന്നാൽത്തന്നെ അത് ബാബുവിന്റെ അരികിലെത്തിക്കാൻ കഴിയില്ല. ബാബു ഇരിക്കുന്ന സ്ഥലത്തിന്റെ മുകളിലെത്തി താഴേക്കു കയറിട്ടുകൊടുക്കാൻ മാത്രമേ സാധിക്കൂ. സാങ്കേതികമായി ഈ സുരക്ഷാദൗത്യം നടക്കില്ല. അത് മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന ഒരാളായിരിക്കണം ഇതിന്റെ തലപ്പത്തിരിക്കാൻ.
ദൗത്യത്തിനായി അവർ ആദ്യം വിളിച്ചത് കോസ്റ്റ്ഗാർഡിനെയാണ്. ഈ കോസ്റ്റ്ഗാർഡിനെ വിളിച്ചുപറഞ്ഞ സമയത്ത് എന്തുകൊണ്ട് നിങ്ങൾ ആർമിയെയും നേവിയെയും വിളിച്ചു പറഞ്ഞില്ല. ഇത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല, ഇന്ത്യയുടെ ഒരു പൗരന്റെ പ്രശ്നമാണ്. ദുരന്തനിവാരണ വിഭാഗത്തിന്റെ തലപ്പത്തിരിക്കുന്ന ആൾ ആരാണെങ്കിലും അവർ കോസ്റ്റ്ഗാർഡിനെ ആദ്യം വിളിച്ചു. ഇനി അവരെ വിളിച്ചെങ്കിൽത്തന്നെ അവരുടെ ഹെലികോപ്റ്ററിന്റെ കപ്പാസിറ്റി എന്തെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അവരുടെ കയ്യിലുള്ള ക്രമീകരണങ്ങള്‍വച്ച് ഈ സുരക്ഷാദൗത്യം ഏറ്റെടുക്കാൻ കഴിയുമോ എന്നും അറിയണം. അതാണ് ഞാൻ പറഞ്ഞത്, ഇക്കാര്യത്തിൽ തലയിൽ കുറച്ച് ആൾതാമസം വേണമെന്ന്.
ബാബു ഇരിക്കുന്ന സ്ഥലത്തിന്റെ മുകളിൽ ഹെലികോപ്റ്ററെത്തിയാൽത്തന്നെ നീളമുള്ള കയർ വേണം ഇട്ടുകൊടുക്കുവാൻ. 700 മീറ്റർ എങ്കിലും നീട്ടം വേണ്ടി വരും. അതു നടക്കില്ല. നടക്കും, ഹെലികോപ്റ്റർ കുറച്ചു കൂടി വലുതാണെങ്കിൽ. നേവിക്കാരുടെ കയ്യിൽ അത്തരം െഹലികോപ്റ്റർ ഉണ്ട്. ഈ കോസ്റ്റ്ഗാർഡിനെ വിളിച്ചുപറഞ്ഞ ആളിന് തലയ്ക്ക് ബുദ്ധിയില്ലേ. തൊട്ടടുത്ത് നേവിയുണ്ട്, പാങ്ങോട് പട്ടാളമുണ്ട്. അങ്ങനെയൊരു വിവരം കിട്ടിയാൽ അവർ ഉടൻ തന്നെ വെല്ലിങ്ടണിൽ വിളിച്ചുപറയാം. അവരാണ് അടുത്തുള്ളത്. ഈ ദൗത്യം ഇന്നലെക്കൊണ്ട് തീർക്കേണ്ടതായിരുന്നു. അത് ഇന്നു രാവിലെ പത്ത് മണിവരെ വൈകിയത് എന്തുകൊണ്ട്. പട്ടാളക്കാർ ഇന്നലെ രാവിലെ വന്നിരുന്നെങ്കിൽ ഇന്നലെ വൈകിട്ടുകൊണ്ടുതന്നെ പയ്യനെ രക്ഷപ്പെടുത്തിയേനേ.
അതുകൊണ്ടാണ് ഗവൺമെന്റിനോട് ഞാൻ അഭ്യർഥിക്കുന്നത്. ചില കാര്യങ്ങളിൽ എങ്കിലും സാങ്കേതിക പരിജ്ഞാനമുളള ആളുകളെ നിയമിക്കുക. പത്രം കണ്ടപ്പോഴാണ് ഹെലികോപ്റ്റർ പോയെന്ന കാര്യം അറിയുന്നത്. അതും കോസ്റ്റ്ഗാർഡിന്റെ കോപ്റ്റർ. പിന്നീട് നേവിയില്‍ അന്വേഷിച്ചപ്പോൾ അവരെ ആരെയും അറിയിച്ചിട്ടില്ലെന്നു പറഞ്ഞു. നിങ്ങളുടെ കയ്യിലുള്ള മാർഗങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ഇതുവരെയും അറിയില്ല. ദുരന്തനിവാരണ വിഭാഗത്തിന് കൈകാര്യം ചെയ്യേണ്ട പല സാഹചര്യങ്ങളുണ്ട്. വെള്ളപ്പൊക്കം, മലയിടിച്ചിൽ അങ്ങനെ പലതും. സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ആളെ അവിടെ ഇരുത്തുക. ഇതാരാണെങ്കിലും ശരി, ആ തെറ്റു കൊണ്ടാണ് രക്ഷാപ്രവർത്തനം ഇത്രയധികം താമസിച്ചത്.
ആ പയ്യന് എന്തോ ഭാഗ്യമുണ്ട്. ഇത്രയും ഡിഹൈഡ്രേഷൻ സഹിച്ച് അവൻ അവിടെത്തന്നെ ഇരുന്നു. കൊച്ചുപയ്യനാണ്, അവന് വിശക്കും. തളർന്നുവീഴും. ഇത് മനസ്സിലാക്കാനുള്ള കഴിവ് നമുക്കെല്ലാം വേണം. എന്നെ ചിലർ ചീത്ത പറയുമായിരിക്കും. ഞാനൊരു ഉപദേശമാണ് കൊടുക്കുന്നത്. ഒരു പൗരനെന്ന നിലയിൽ ഗവൺമെന്റിനെ സഹായിക്കുകയാണ് എന്റെ ലക്ഷ്യം. ഇതൊരു വിമർശനമാണെന്ന് കരുതരുത്. ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്കൊരു മനസ്സമാധാനം കിട്ടില്ല.