മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകില്ല
തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആക്രമണം നടത്തിയ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. കയ്യേറ്റം ചെയ്യൽ , സംഘം ചേർന്ന് ആക്രമിക്കൽ , ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആമച്ചൽ സ്വദേശി പ്രേമനാണ് മർദ്ദനമേറ്റത്. ആക്രമണത്തിനിടെ മകൾ രേഷ്മയെ തള്ളിയിട്ടതിന് കേസെടുത്തിട്ടില്ല. യൂണിയൻ നേതാക്കൾ ഉൾപ്പെട്ട കേസായതിനാൽ അറസ്റ്റ് വൈകിപ്പിക്കാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുമെന്ന വിമർശനം ശക്തമാണ്. രേഷ്മയുടെ മൊഴി രേഖപ്പെടുത്തണമെന്നും കൂടുതൽ കർശനമായ വകുപ്പുകൾ ചുമത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. പ്രേമൻ ഇപ്പോൾ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ്.