അക്രമികൾ തമ്മിൽ വാക്കേറ്റം, കത്തിക്കുത്ത്; മൽപ്പിടുത്തത്തിലൂടെ കീഴടക്കി പിങ്ക് പൊലീസ്
അക്രമികൾ നടുറോഡിൽ അഴിഞ്ഞാടിയപ്പോൾ അവരെ മൽപ്പിടുത്തത്തിലൂടെ കീഴടക്കി പിങ്ക് പൊലീസ്. തൃശൂർ സ്വരാജ് റൗണ്ടിൽ നടുവിലാലിനു സമീപമാണ് സംഭവം.
മൂന്നുപേർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് അതിലൊരാൾ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് മറ്റെയാളെ കുത്താൻ ശ്രമിക്കുന്നതിനിടെയാണ് നഗരത്തിൽ പട്രോളിങ്ങ് നടത്തിയിരുന്ന പിങ്ക് പൊലീസിൻ്റെ വാഹനം അതുവഴി വന്നത്.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി കെ ഗീത, കെ വി രാജി എന്നിവർ വാഹനം നിർത്തി അക്രമം നിർത്താനും ആയുധം ഉപേക്ഷിക്കാനും ആവശ്യപ്പെട്ടിട്ടും അക്രമികൾ പോർവിളി തുടർന്നതിനാൽ വയർലസിലൂടെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.
അക്രമികളിലൊരാൾ മറ്റേയാളെ അടിച്ചു വീഴ്ത്തുകയും, അടികൊണ്ട് നിലത്തുവീണയാളെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ വനിതാ പൊലീസുദ്യോഗസ്ഥർ കത്തി തട്ടിത്തെറിപ്പിച്ച് നിലത്തുവീണുകിടന്നയാളെ സാഹസികമായി രക്ഷപ്പെടുത്തി.
കൺട്രോൾ റൂം വാഹനത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ പിടികൂടി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവർ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.