ആമി വൈൻഹൗസിൻ്റെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ ലേലത്തിന്, പ്രതീക്ഷിക്കുന്നത് 2 മില്യൺ ഡോളർ
അന്താരാഷ്ട്ര പ്രശസ്തയായ ഗായികയും ഗ്രാമി അവാർഡ് ജേതാവുമായ ആമി വൈൻഹൗസിൻ്റെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ ലേലത്തിന്. ഇന്നും നാളെയുമായി കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് ലേലം നടക്കുന്നത്. അവസാനത്തെ സംഗീത പരിപാടിയിൽ ആമി ധരിച്ച പച്ചയും കറുപ്പും നിറത്തിലുളള ബാംബൂ പ്രിൻ്റ് ഷോർട്സ് അടക്കം വിൽപനയ്ക്ക് വെച്ചിട്ടുണ്ട്.
ഉടുപ്പുകൾ, പുസ്തകങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ, ലിപ്സ്റ്റിക്ക്, ആൽബങ്ങൾ, അടിവസ്ത്രങ്ങൾ ഉൾപ്പെടെ 800-ഓളം വസ്തുക്കളാണ് ലേലം ചെയ്യുന്നത്. ഇതിൽ അവസാനത്തെ സംഗീത പരിപാടിയിൽ ആമി ധരിച്ച ബ്ലാക്ക് ആൻ്റ് ഗ്രീൻ ബാംബൂ പ്രിൻ്റ് ഉടുപ്പിന് മാത്രം 15,000-20,000 അമേരിക്കൻ ഡോളറോളം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2011-ൽ ബെൽഗ്രേഡിൽ നടന്ന പരിപാടിയിൽ അണിഞ്ഞ ഉടുപ്പ് ഡിസൈൻ ചെയ്തത് നവോമി പാരിയാണ്. മറ്റു വസ്ത്രങ്ങൾക്ക് 5000-ത്തിനും 7000-ത്തിനും ഇടയിൽ ഡോളർ കിട്ടുമെന്നാണ് കരുതുന്നത്. ഇയർ റിങ്സിന് 400 ഡോളറും ചുവന്ന നിറത്തിലുള്ള ആമിയുടെ സിഗ്നേച്ചർ ലിപ്സ്റ്റിക്കിന് 600 ഡോളറും കണക്കുകൂട്ടുന്നുണ്ട്.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായി കേവലം 27-ാം വയസ്സിലാണ് ആമി ജീവിതത്തിൽനിന്ന് വിട പറഞ്ഞത്. അഞ്ച് ഗ്രാമി അവാർഡുകൾ ഉൾപ്പെടെ കരസ്ഥമാക്കി സംഗീത ചരിത്രത്തിൽ ഇതിഹാസം രചിച്ച അത്ഭുത പ്രതിഭയായിരുന്നു ആമി വൈൻഹൗസ്. കോടിക്കണക്കിന് ആരാധകരാണ് ലോകമെമ്പാടുമായി അവർക്കുള്ളത്. ലേലത്തിലൂടെ ലഭിക്കുന്ന പണം മദ്യാസക്തരുടെയും മയക്കുമരുന്നിന് അടിമകളായവരുടെയും പുനരധിവാസ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കാനാണ് ആമി വൈൻഹൗസ് ഫൗണ്ടേഷൻ്റെ ലക്ഷ്യം.