അട്ടപ്പാടി ഊരുകളിലേക്ക് റോഡ് നിർമിക്കാൻ കേന്ദ്രാനുമതി വേണമെന്ന് അധികൃതർ
പാലക്കാട്: ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലം ദുരിതം അനുഭവിച്ച് ആദിവാസി ഊരുകൾ. അട്ടപ്പാടിയിലെ തുടുക്കി, ഗലസി, കടുകുമണ്ണ തുടങ്ങി ആറ് ഊരുകളിൽ നിന്നുള്ളവരാണ് പ്രധാനമായും യാത്രാ ദുരിതം അനുഭവിക്കുന്നത്. പാലത്തിന്‍റെ അഭാവം കാരണം മഴക്കാലത്ത് ഈ ഗ്രാമങ്ങൾ പൂർണ്ണമായും ഒറ്റപ്പെടും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതാണ് റോഡിന്‍റെയും പാലത്തിന്‍റെയും നിർമ്മാണത്തിന് തടസ്സമാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. മേലേ തുടുക്കി ഊരിൽ നിന്ന് ആനവായി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് 11 കിലോമീറ്റർ ദൂരമുണ്ട്. രാവിലെ 6 മണിക്ക് ഗ്രാമത്തിൽ നിന്ന് നടക്കാൻ തുടങ്ങിയാൽ, മഴ പെയ്തില്ലെങ്കിൽ, വാഹനം കിട്ടുന്ന സ്ഥലത്ത് എത്താൻ കുറഞ്ഞത് 12 മണിയെങ്കിലും ആവും. കുഞ്ഞുങ്ങളേയും പ്രായമായവരേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നവരുടെ അവസ്ഥ ദയനീയമാണ്.