പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, പിന്നാലെ അമ്മയും; പ്രതിഷേധവുമായി ബന്ധുക്കൾ
പാലക്കാട് പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. പാലക്കാട് തങ്കം ആശുപത്രിയിലാണ് സംഭവം നടന്നത്. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് പ്രസവത്തെത്തുടര്‍ന്ന് മരിച്ചത്. ഇന്നലെ കുഞ്ഞും മരിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രസവശേഷം ഗുരുതരാവസ്ഥയിലായ ഐശ്വര്യ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ തടിച്ചുകൂടി. ഐശ്വര്യയെ ഒമ്പത് മാസം ചികിത്സിച്ച ഡോക്ടറല്ല പ്രസവ സമയത്ത് ഉണ്ടായിരുന്നത്. തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
കുഞ്ഞ് മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും പോലീസിനും പരാതി നല്‍കിയിരുന്നു. ഈ പരാതി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കേസെടുത്തിട്ടുണ്ടെന്ന് പാലക്കാട് സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ വി ഹേമലത പറഞ്ഞു.