ബര്‍ത്ത് മറ്റാരോ കയ്യേറി; ദമ്പതികൾക്ക് റെയില്‍വേ 95,000 നൽകാൻ വിധി
പാലക്കാട്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കായി ട്രെയിനിൽ ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികൾ കയ്യേറിയ സംഭവത്തിൽ ദമ്പതികൾക്ക് 95,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ റെയിൽവേയ്ക്ക് നിർദ്ദേശം നൽകി. കോഴിക്കോട് ചക്കിട്ടപ്പാറ കരിമ്പനക്കുഴിയിൽ ഡോ.നിതിൻ പീറ്റർ, ഭാര്യ ഒറ്റപ്പാലം വരോട് 'ശ്രീഹരി'യിൽ ഡോ. സരിക എന്നിവർ നൽകിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റെ വിധി. സതേൺ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് പരാതി. 2017 സെപ്റ്റംബർ ആറിന് പുലർച്ചെ 12.20 ഓടെ പാലക്കാട് ജംഗ്ഷനിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന തിരുവനന്തപുരം-ഹൗറ എക്സ്പ്രസിലാണ് അതിഥി തൊഴിലാളികൾ ബർത്ത് കയ്യേറിയത്. ഇവർക്ക് 69, 70 നമ്പർ ബെർത്തുകൾ ആണ് അനുവദിച്ചിരുന്നത്. പാലക്കാട് ജംഗ്ഷനിൽ നിന്ന് ഇരുവരും ട്രയിനിൽ കയറിയപ്പോൾ മൂന്ന് അതിഥി തൊഴിലാളികൾ അവർക്ക് അനുവദിച്ച 70-ാം നമ്പർ ബെർത്ത് കൈയ്യേറിയിരുന്നു. ടിക്കറ്റ് പരിശോധകന്‍ എഴുതിക്കൊടുത്ത ടിക്കറ്റ് ഉള്ളതിനാൽ തൊഴിലാളികൾ ബെർത്തിൽ നിന്ന് മാറാൻ വിസമ്മതിച്ചതായി പരാതിയിൽ പറയുന്നു.