ബിജെപി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു
വലപ്പാട് പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ് രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ മുഴുവൻ വിതരണം നടത്താതെ പൂഴ്ത്തി വച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 8 വാർഡുകളിലായ് വിതരണം ചെയ്യേണ്ടിയിരുന്ന പത്ത് ലാപ്ടോപ്പുകളിൽ 7 എണ്ണം മാത്രമാണ് ഇന്ന് വിതരണം ചെയ്തത്. 2017-18 ലെ കേരള സർക്കാർ മാർഗ്ഗരേഖ അനുസരിച്ച് കൂടുതൽ അപേക്ഷകരുള്ള വാർഡുകൾക്കാണ് അധികമുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്യേണ്ടത്. ഒന്നാം വാർഡിലും പതിനേഴാം വാർഡിലുമാണ് മാർഗ്ഗരേഖ അനുസരിച്ച് അർഹതയുള്ളത്. പത്തിൽ ഒൻപതു വിദ്യാർത്ഥികളും കഴിഞ്ഞ മാർച്ച് 31നു മുൻപ് അർഹത തെളിയിക്കുന്ന രേഖകൾ സമർപ്പിച്ചിട്ടുള്ളതുമാണ്. ബി ജെ പിയുടെ മെമ്പറുള്ള പതിനേഴാം വാർഡിന് അധിക ലാപ്ടോപ്പ് നൽകുന്നതിലുള്ള രാഷ്ട്രീയ അസഹിഷ്ണുതയാണ് വാങ്ങി വച്ച രണ്ട് ലാപ്ടോപ്പുകൾ വിതരണം ചെയ്യാതെ പൂഴ്ത്തിവയ്ക്കാൻ കാരണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് പതിനേഴാം വാർഡ് മെമ്പറും യുവമോർച്ച സംസ്ഥാന സെക്രട്ടറിയുമായ ഷൈൻ നെടിയിരിപ്പിൽ പറഞ്ഞു. സർക്കാർ മാർഗ്ഗരേഖ അട്ടിമറിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ നിയമപരമായും രാഷ്ട്രീയമായും മുന്നോട്ടു പോകുമെന്നും സി പി എം ന്റെ രാഷ്ട്രീയ വിവേചനവും സ്വജനപക്ഷപാതവും അനുവദിച്ചു കൊടുക്കില്ല എന്നും ഷൈൻ നെടിയിരിപ്പിൽ പറഞ്ഞു. ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി കൺവീനർ പി വി ആനന്ദൻ അധ്യക്ഷത വഹിച്ചു. ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി ജോ.കൺവീനർ സോമദത്തൻ കെ എസ് സ്വാഗതം പറഞ്ഞു. കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് സിജു തയ്യിൽ, വാർഡ് മെമ്പർമാരായ രശ്മി ഷിജോ, അശ്വതി മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മധു കുന്നത്ത് നന്ദി രേഖപ്പെടുത്തി.ഒ ബി സി മോർച്ച മണ്ഡലം ട്രഷറർ രാജീവ് കോവിൽ, ബി ജെ പി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ബിജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുധീർദാസ്, പ്രവർത്തകരായ പ്രവീൺ, സന്തോഷ്, താരാ സിങ്ങ്, രാജേന്ദ്രൻ, കിഷോർ, നന്ദു തുടങ്ങിയവർ നേതൃത്വം നൽകി.