പുതിൻ്റെ കവിളിൽ സ്നേഹപൂർവം തലോടുന്ന ഹിറ്റ്ലർ; ഉക്രയ്ൻ ട്വീറ്റ് ചെയ്ത കാർട്ടൂൺ ഇൻ്റർനെറ്റിൽ ചർച്ചയായി
ഉക്രയ്ൻ്റെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ഒരു കാർട്ടൂൺ ലോകമെമ്പാടും ചർച്ചയായി. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുതിൻ്റെ കവിളിൽ സ്നേഹത്തോടെ തലോടുന്ന നാസി ഭീകരൻ അഡോൾഫ് ഹിറ്റ്ലറെ ചിത്രീകരിക്കുന്ന കാർട്ടൂണാണ് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയത്.
ഒരു ടെക്‌സ്‌റ്റും കൂടാതെയാണ് ഉക്രയ്ൻ പ്രതിസന്ധിയെക്കുറിച്ചുള്ള കാർട്ടൂൺ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ 'ഔദ്യോഗിക വെബ്‌സൈറ്റ് 'എന്ന് മുദ്രകുത്തിയിട്ടുണ്ട്. റഷ്യൻ പ്രസിഡണ്ടിൻ്റെ കവിളിൽ ഹിറ്റ്ലർ തലോടുന്നതും ഇരുവരും പരസ്പരം സ്നേഹത്തോടെ നോക്കി പുഞ്ചിരിക്കുന്നതുമാണ് കാർട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്.
നിരവധി ട്വിറ്റർ ഉപയോക്താക്കൾ രാഷ്ട്രീയ കാർട്ടൂൺ എന്നും 'മീം' എന്നും പോസ്റ്റിനോട് പ്രതികരിച്ചപ്പോൾ ഇത് ഒരു 'മീം' അല്ലെന്നും ഞങ്ങളുടെയും നിങ്ങളുടെയും മുന്നിലുള്ള യാഥാർഥ്യമാണെന്നും ഉക്രയ്ൻ പറഞ്ഞ മറുപടിയും ശ്രദ്ധേയമായി.