ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രം; ലംഘിച്ചാല്‍ പിഴ 50 ലക്ഷം വരെ
ന്യൂഡല്‍ഹി: ബ്രാൻഡുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ വാങ്ങി അവരുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും പ്രകീർത്തിച്ച് സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഏതെങ്കിലും ഉൽപ്പന്നമോ ബ്രാൻഡോ പ്രമോട്ട് ചെയ്യുമ്പോൾ മുന്നറിയിപ്പായി അവർക്ക് അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തണം. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. ആറ് വർഷം വരെ ഈ ഉൽപ്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. നിർദ്ദേശങ്ങൾ അനുസരിച്ച്, ഉൽപ്പന്നത്തിന്‍റെയും പ്രമോഷണൽ താൽപ്പര്യങ്ങളുടെയും വെളിപ്പെടുത്തൽ ലളിതവും വ്യക്തവുമായ ഭാഷയിലായിരിക്കണമെന്നും പറയുന്നു.