ഉക്രൈനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാവില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഉക്രൈനിൽ നിന്നും എത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ തുടർപഠനം നടത്താനുള്ള പ്രവേശനാനുമതി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം. ഇത്തരത്തിലുള്ള പ്രവേശനങ്ങൾക്ക് അനുമതി നൽകിയാൽ അവ ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ തുടർപഠനത്തിന് പ്രവേശനം നൽകാനുള്ള വ്യവസ്ഥകൾ ദേശീയ മെഡിക്കൽ കമ്മീഷന്റെ നിയമത്തിൽ ഇല്ലെന്നും, അതിനാൽ, ഉക്രൈയിനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ തുടർപഠനത്തിന് അനുമതി നൽകണമെന്ന് ഉക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനെ എതിർത്താണ് കേന്ദ്രം രംഗത്തെത്തിയത്.