കോവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസി എം ആർ, എൻ സിഡി സി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും.രാജ്യത്ത് കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളോട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കാനും നിർദേശം നല്‍കും.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12,249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് മരിച്ചത് 13 പേരാണ്. പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. ദില്ലിയിൽ ടി പി ആർ ഏഴ് ശതമാനത്തിന് മുകളിലെത്തി.