ഉക്രയ്നിൽ തങ്ങുന്ന ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശിച്ച് കേന്ദ്ര സർക്കാർ
ഉക്രയ്‌നിലെ ഇന്ത്യൻ പൗരന്മാരോട് താത്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കാൻ കേന്ദ്ര സർക്കാർ. ഉക്രയ്ൻ സാഹചര്യത്തിന്റെ അനിശ്ചിതത്വം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് താമസം അത്യാവശ്യമില്ലാത്ത വിദ്യാർഥികൾ, താത്കാലികമായി രാജ്യം വിടുന്നത് പരിഗണിക്കണമെന്ന് കീവിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഉക്രയ്നിലെ റഷ്യൻ അധിനിവേശത്തെച്ചൊല്ലി പിരിമുറുക്കം ഉയരുന്ന സാഹചര്യത്തിലാണ് നിർദേശം. ഉക്രയ്നിൽ എവിടെയാണ് തങ്ങുന്നത് എന്ന വിവരം ഇന്ത്യൻ പൗരന്മാർ എംബസിയെ അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി രാജ്യങ്ങൾ ഉക്രയ്നിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും പൗരന്മാരോട് രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.