കശ്മീർ ഫയൽസിൻ്റെ സംവിധായകന് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ

വിവാദമായ കശ്മീർ ഫയൽസ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ. വമ്പിച്ച പ്രദർശന വിജയം നേടി ചിത്രം ബോക്സോഫീസിൽ മുന്നേറുന്നതിനിടെ സംവിധായകന് നേരെ വധഭീഷണി ഉയർന്നിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് സംവിധായകന് സി ആർ പി എഫിൻ്റെ സംരക്ഷണം ഒരുക്കിയതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ചുള്ള ചിത്രം സംഘപരിവാർ അജണ്ടയിൽ മെനഞ്ഞ ചരിത്ര വിരുദ്ധ സിനിമയാണെന്ന് പരക്കേ ആരോപണം ഉയർന്നിട്ടുണ്ട്. ചിത്രം പച്ചക്കള്ളമാണ് പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും കേന്ദ്ര സർക്കാരിൻ്റെ താത്പര്യങ്ങളാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി മുന്നോട്ടു വെയ്ക്കുന്നതെന്നും വിമർശകർ ആരോപിക്കുന്നു.

എന്നാൽ നീണ്ട കാലം തമസ്കരിക്കപ്പെട്ട വസ്തുതകൾ വെളിപ്പെടുത്തുന്ന ചരിത്ര സിനിമയാണ് കശ്മീർ ഫയൽസ് എന്ന് പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തിൻ്റെ വിമർശകർക്കെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു.

അഭൂതപൂർവമായ സർക്കാർ പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ബി ജെ പി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം നികുതി ഇളവുകൾ നൽകിയിട്ടുണ്ട്. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങൾ സിനിമ കാണാൻ സർക്കാർ ജീവനക്കാർക്ക് ലീവ് അനുവദിച്ചിട്ടുണ്ട്.

Related Posts