കൊവിഡ് വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള ആറ് മാസമായി കുറച്ച് കേന്ദ്രസർക്കാർ
കൊവിഡ് വാക്സിൻ ഡോസുകൾക്കിടയിലുള്ള ഇടവേള ആറ് മാസമായി കുറച്ച് കേന്ദ്രസർക്കാർ. രാജ്യത്ത് കൊവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ നിലവിലുള്ള രണ്ടാം ഡോസിനും ബൂസ്റ്റർ ഡോസിനും ഇടയിലുള്ള ഇടവേളയാണ് ഒമ്പത് മാസത്തിൽ നിന്നും ആറ് മാസമായി കുറച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ് ആരോഗ്യവകുപ്പിൻ്റെ തീരുമാനം. ശാസ്ത്രീയമായ തെളിവുകൾ മുൻനിർത്തിയും മറ്റ് രാജ്യങ്ങളുടെ മാതൃക പിന്തുടർന്നുമാണ് നിർണായക തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.ഇക്കാര്യത്തിൽ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. കോവിൻ വെബ്സൈറ്റിലും മാറ്റം വരുത്തും. 60 വയസിന് മുകളിലുള്ളവർക്കും ആരോഗ്യ-മുൻനിര പ്രവർത്തകർക്കും സർക്കാർ സൗജന്യമായി വാക്സിൻ നൽകും.