കേന്ദ്ര വിഹിതം കുറഞ്ഞു; റേഷൻ കടകളിൽ നിന്നുള്ള ആട്ട വിതരണം പൂർണമായി നിലച്ചേക്കും

തിരുവനന്തപുരം: കേന്ദ്ര വിഹിതത്തിലെ കുത്തനെയുള്ള ഇടിവ് കാരണം റേഷൻ കടകളിൽ നിന്ന് മുൻഗണനാ വിഭാഗങ്ങൾക്കുള്ള ആട്ട വിതരണം പൂർണ്ണമായും നിർത്തിവച്ചേക്കും. നീല, വെള്ള കാർഡുകൾക്കുള്ള ആട്ട വിതരണം നേരത്തെ നിർത്തിവച്ചിരുന്നു. നിലവിൽ പല റേഷൻ കടകളിലും ആട്ടയില്ല. കേരളത്തിന് നൽകിയിരുന്ന റേഷൻ ഗോതമ്പിൽ 6459.07 മെട്രിക് ടൺ ഗോതമ്പാണ് കേന്ദ്രം ഒറ്റയടിക്ക് നിർത്തിയത്. ഗോതമ്പിന്‍റെ ഉത്പാദനവും കരുതൽ ശേഖരവും കുറഞ്ഞതാണ് ഇതിന് കാരണം. ഇതോടെ മൊത്തം റേഷൻ കാർഡുകളുടെ 57 ശതമാനം വരുന്ന നീല, വെള്ള കാർഡുടമകൾക്കാണ് ആട്ടയും ഗോതമ്പും ലഭിക്കാതായത്. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഗോതമ്പ് സ്വകാര്യ കമ്പനികളെ ഏൽപ്പിച്ച് പൊടിയായി വിതരണം ചെയ്യുന്നതാണ് രീതി. ഇങ്ങനെ വിതരണം ചെയ്ത ആട്ടയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതേതുടർന്ന് കടകളിൽ നിന്ന് വലിയ തോതിൽ ആട്ട പിൻവലിച്ച് കാലിത്തീറ്റയാക്കി മാറ്റി. ഇതിനിടയിൽ കേന്ദ്രം ഗോതമ്പ് ക്വാട്ട നിർത്തിയത് ഇരുട്ടടി ആയി. പകരം റാഗി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. മുൻഗണനേതര കാർഡുകൾക്ക് രണ്ട് മുതൽ നാല് കിലോ വരെ ആട്ട വിതരണം ചെയ്തിരുന്നു. സ്വകാര്യവിപണിയിൽ ഉണ്ടായിരുന്നതിന്‍റെ മൂന്നിലൊന്ന് മാത്രമായിരുന്നു റേഷൻ ആട്ടയുടെ വില. ബി പി എൽ വിഭാഗത്തിലെ കാർഡുകൾക്ക് ഒരു കിലോ വീതമാണ് ആട്ട നൽകുന്നത്. ഇതാണ് പല കടകളിലും ഇപ്പോൾ ലഭിക്കാത്തത്.

Related Posts